കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ ബെംഗളൂരുവില്‍ നിന്നും കണ്ടെത്തി. ബെംഗളൂരുവിലെ മടിവാളയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. എന്നാല്‍ ഇവരില്‍ ഒരാളെ മാത്രമാണ് പൊലീസിന് പിടികൂടാനായത്.
ഹോട്ടലില്‍ മുറിയെടുക്കാനെത്തിയ പെണ്‍കുട്ടികളോട് ഹോട്ടല്‍ ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തിരിച്ചറിയല്‍ രേഖകളോ മറ്റു രേഖകളോ കയ്യില്‍ ഇല്ലാതിരുന്ന കുട്ടികളെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞു വെക്കുകയായിരുന്നു.
ഇവരില്‍ അഞ്ചു കുട്ടികള്‍ ഹോട്ടലില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ഇവരില്‍ ഒരാളെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
ഇവര്‍ക്കൊപ്പം രണ്ട് ആണ്‍കുട്ടികളും ഉണ്ടായിരുന്നുവെന്ന് ഹോട്ടല്‍ ജീവക്കാരന്‍ സ്ഥിരീകരിച്ചു. കോഴിക്കോട് നിന്നും കാണാതായ കുട്ടികള്‍ തന്നെയാണിതെന്നാണ് മടിവാള പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സഹോദരിമാര്‍ ഉള്‍പ്പെടുന്ന ആറു കുട്ടികളെ കാണാതായത്. ഇന്നലെ വൈകീട്ടോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.