ന്യൂദല്‍ഹി: ദല്‍ഹിയിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായി. ഡിസംബര്‍ ഒന്നാം തിയ്യതി അര്‍ധ രാത്രിയോടെ ദില്‍ഷാദ് ഗാര്‍ഡനിലെ സാന്‍സ്‌കര്‍ ആശ്രമത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. പിറ്റേദിവസം രാവിലെയാണ് അഭയകേന്ദ്രത്തില്‍ നിന്നും കുട്ടികളെ കാണാതായ വിവരം അധികൃതര്‍ അറിയുന്നത്.
സംഭവത്തില്‍ ദല്‍ഹി പൊലീസ് ഊര്‍ജിത അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും കുട്ടികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. മനുഷ്യക്കടത്ത് സംഘങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയ ഒമ്പത് പെണ്‍കുട്ടികളെ കഴിഞ്ഞ മെയ് മാസത്തിലാണ് ദില്‍ഷാദ് ഗാര്‍ഡനിലെ അഭയകേന്ദ്രത്തിലെത്തിച്ചത്.
നേരത്തെ ദ്വാരകയിലെ അഭയ കേന്ദ്രത്തിലായിരുന്നു അവരെ പാര്‍പ്പിച്ചിരുന്നത്. അതിനിടെ, പെണ്‍കുട്ടികളെ കാണാതായ സംഭവത്തിനു പിന്നില്‍ മനുഷ്യക്കടത്ത് സംഘങ്ങളാണോയെന്നും സംശയമുണ്ട്. നിലവില്‍ ദല്‍ഹി പൊലീസിലെ ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ വനിതാശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍, അഭയകേന്ദ്രത്തിലെ സൂപ്രണ്ട് എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉത്തരവിട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.