ചണ്ഡീഗഡ്: രണ്ടു സ്‌കൂള്‍ ജീവനക്കാര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട് പ്രധാനമന്ത്രിയ്ക്കും ഹരിയാന പൊലീസിനും പെണ്‍കുട്ടിയുടെ കത്ത്. ഇതിന്റെ അടിസ്ഥാനത്തില്‍ സോനിപ്പത്ത് ജില്ലയിലെ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരായ രണ്ടു പേര്‍ക്കെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു.
സ്‌കൂളിലെ ക്ലര്‍ക്കായ കരംബീറും അക്കൗണ്ടന്റ് സുഖ്ബീറും തന്നെ പലതവണ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ചുവെന്നും കൂട്ടുകാരിയെ ഇവരുടെ കൂടെ അയക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പ്രധാനമന്ത്രിയ്ക്കയച്ച കത്തില്‍ പറയുന്നു.
” സ്‌കൂളില്‍വെച്ച് അവര്‍ എന്നെ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് ഗോഹാനയിലെ ഹോട്ടലില്‍വെച്ചും പീഡിപ്പിച്ചു. എന്റെ വീട്ടിലെ ആരോടും ഞാന്‍ ഇക്കാര്യം അറിയിച്ചിട്ടില്ല. ഞാനൊരു ഉള്‍പ്രദേശത്താണ് താമസിക്കുന്നത്. ”
തന്റെ കൂട്ടുകാര്‍ തന്ന ധൈര്യമാണ് സ്‌കൂള്‍ ജീവനക്കാര്‍ക്കെതിരെ പരാതിപ്പെടാന്‍ കാരണമെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്‌തേനെയെന്നും കത്തില്‍ പറയുന്നു. ക്ലാസ് ടീച്ചറോടും സ്‌കൂള്‍ പ്രിന്‍സിപ്പളിനോടും പരാതിപ്പെട്ടിട്ടും സംഭവത്തില്‍ നടപടിയെടുത്തില്ലെന്നും പെണ്‍കുട്ടി പറയുന്നു.
എന്നാല്‍ കത്തിന്മേല്‍ കേസെടുത്തെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ലൈംഗിക ചൂഷണം തടയാന്‍ സ്‌കൂളില്‍ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ഇതിനെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. കത്തില്‍ പറഞ്ഞ പ്രകാരമുള്ള ഹോട്ടലിലെ രേഖകളും മറ്റും അന്വേഷിച്ചുവരികയാണെന്ന് ഡി.എസ്.പി മുകേഷ് ജഖാര്‍ പറഞ്ഞു.