പിത്തോറഗഢ്: സ്‌കൂളില്‍ പോകുന്ന വഴിയില്‍ ക്ഷേത്രമുള്ളതിന്റെ പേരില്‍ ആര്‍ത്തവ കാലത്ത് സ്‌കൂള്‍ വിദ്യഭ്യാസം നിഷേധിക്കപ്പെട്ട് ഉത്തരാഖണ്ഡിലെ റൗത്ഗര ഗ്രാമത്തിലെ വിദ്യാര്‍ത്ഥിനികള്‍. പിത്തോറഗഢ് ജില്ലയിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഇവിടത്തെ പ്രാദേശിക പ്രതിഷ്ഠയായ ചാമുദേവത ക്ഷേത്രം സെയില്‍ ഗവണ്‍മെന്റ് ഇന്റര്‍കോളേജ് സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് സ്ഥിതി ചെയ്യുന്നത്.
ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ ക്ഷേത്രത്തിനരികിലൂടെ പോയാല്‍ ക്ഷേത്രം അശുദ്ധിയാവുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം. ഇതിനാല്‍ ആര്‍ത്തവ കാലത്ത് ചുരുങ്ങിയത് അഞ്ചു ദിവസേത്തക്കെങ്കിലും പെണ്‍കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കുകയാണ് ചെയ്യുന്നത്.
ഉത്തരാഖണ്ഡിലെ വനിതാ സംഘടനയായ ഉത്തരാഖണ്ഡ് മഹിളാ മഞ്ച് ആണ് ഈ വിഷയം പുറത്തെത്തിച്ചത്. സ്‌കൂളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളോട് സ്‌കൂളിലേക്ക് വരാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും സമുദായത്തില്‍ നിന്നും തിരിച്ചടിയുണ്ടാവുമെന്ന് പേടിച്ച് രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കുകയാണ് ചെയ്യുന്നതെന്ന് മഞ്ച് പ്രവര്‍ത്തകയായ ഉമാഭട്ട് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.