പാട്‌ന: അമേരിക്കയില്‍ കാണാതായ മൂന്നു വയസുകാരിയെ ദമ്പതികള്‍ ബീഹാറില്‍ നിന്നു ദത്തെടുത്തതെന്ന് സ്ഥിരീകരിച്ചു. പാലുകുടിക്കാഞ്ഞതിന് അര്‍ദ്ധരാത്രിയില്‍ പിതാവ് വീടിന് പുറത്തിറങ്ങി നില്‍ക്കാന്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് കാണാതായ പെണ്‍കുട്ടി സരസ്വതിയെ നളന്ദയിലെ മദര്‍ തെരേസ ആനന്ദ് സേവാ സന്‍സ്ഥാനില്‍ നിന്നാണ് എറണാകുളത്തുകാരായ ഷെറിന്‍ മാത്യൂവും സിനിയും ദത്തെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബീഹാര്‍ സ്റ്റേറ്റ് അഡോപ്ഷന്‍ റെസ്‌ക്യൂ ഏജന്‍സി ഉദ്യോഗസ്ഥരും ഷെറിനും സിനിയുമാണ് കുട്ടിയെ ദത്തെടുത്തെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നര വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച നിലയില്‍ ബീഹാറിലെ ഗയ ജില്ലയില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ 2015 ഫെബ്രുവരി 4 നായിരുന്നു എന്‍.ജി.ഒയ്ക്ക് കൈമാറിയത്.
Also Read: തൃപ്പൂണിത്തുറ യോഗകേന്ദ്രത്തിനെതിരായ പൊലീസ് അന്വേഷണത്തെ തള്ളിപ്പറഞ്ഞ് എം.സ്വരാജ് എം.എല്‍.എ
കുട്ടിയെ കാണാതായ വിവരം അനാഥാലയത്തിലെ എല്ലാവരും അറിഞ്ഞത് വാര്‍ത്ത പുറത്തുവന്ന ശേഷമായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23 നായിരുന്നു ദമ്പതികള്‍ കുട്ടിയെ ഏറ്റെടുത്തതും അമേരിക്കയ്ക്ക് കൊണ്ടുപോയതും. കുട്ടിക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
പാല്‍ കുടിക്കാത്തതിനെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടില്‍ നിന്നും നൂറ് അടി അകലെ പിന്നിലുള്ള മരത്തിന് സമീപം പോയി നില്‍ക്കാന്‍ പിതാവ് കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. 15 മിനിറ്റിന് ശേഷം ഇവിടെ നിന്നും കാണാതാവുകയും ചെയ്തു.
കുട്ടിയുടെ കണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നതായി എന്‍.ജി.ഒയുടെ സെക്രട്ടറി ബബിതാ കുമാരി പറഞ്ഞു. അതേസമയം അപകടകരമായ സാഹചര്യത്തില്‍ കുട്ടിയെ ഉപേക്ഷിച്ചതിന് ഷെറിന്‍ മാത്യുവിനെതിരെ റിച്ചാര്‍ഡ്സണ്‍ പോലീസ് കേസെടുത്തു.