| Friday, 2nd June 2017, 6:18 pm

'ഞങ്ങള്‍ക്ക് നീതി വേണം'; അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തുന്ന സ്ഥാപനത്തിനെതിരെയുള്ള വിദ്യാര്‍ത്ഥിനികളുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസവും തുടരുന്നു; നഗരഹൃദയത്തില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഡ്യവുമായി എ.എ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി തങ്ങളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് കോഴിക്കോട് നഗരഹൃദയത്തിലെ എയിംഫില്‍ ഇന്റര്‍നാഷണല്‍ (AIMFILL International) എന്ന സ്ഥാപനത്തിന് മുന്നില്‍ വിദ്യാര്‍ത്ഥിനികളുടെ അനിശ്ചിതകാല നിരാഹാര സമരം. സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നും തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും നഷ്ടപരിഹാരവും നല്‍കണമെന്നും നീതി നടപ്പിലാക്കാനായി അധികൃതരും പൊലീസും തയ്യാറാകണമെന്നും ആവശ്യപ്പെട്ടാണ് സമരം.

എയര്‍ ഹോസ്റ്റസ്, ഏവിയേഷന്‍ മാനേജ്‌മെന്റ്, മറൈന്‍ എന്‍ജിനീയിംഗ് തുടങ്ങിയ വിവിധ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനമാണ് എയിംഫില്‍. മൂന്ന് വര്‍ഷത്തിലേറെയായി സ്ഥാപനം നടത്തുന്ന കോഴ്‌സുകള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയരുന്നുണ്ടെങ്കിലും പരാതിക്കാരെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം.


Also Read: നിലമ്പൂര്‍ ഏറ്റുമുട്ടല്‍: പൊലീസ് റിപ്പോര്‍ട്ടിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍, പൊലീസിന് ധിക്കാരമെന്നും വിമര്‍ശനം


എയിംഫില്‍ മാനേജ്‌മെന്റിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും പൊലീസിലും സ്വാധീനമുണ്ടെന്ന് സമരക്കാര്‍ പറയുന്നു. നിലവില്‍ സ്ഥാപനത്തിനെതിരെ 23 കേസുകളുണ്ടെന്നും സമരക്കാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ 10 മണി മുതലാണ് വിദ്യാര്‍ത്ഥിനികള്‍ പ്രത്യക്ഷസമരത്തലേക്ക് കടന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പെണ്‍കുട്ടികളാണ് സമരം നടത്തുന്നത്.

ആതിര. എം, കീര്‍ത്തിമ വിജയന്‍, സിജിഷ എസ്.കെ, ആതിര സി.പി, രേഷ്മ വി, എന്നീ വിദ്യാര്‍ത്ഥികളാണ് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇവരുടെ സമരത്തിന് ഐക്യദാര്‍ഡ്യവുമായി എത്തി.

ആം ആദ്മി പാര്‍ട്ടിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ സമരവേദിയിലെത്തി പിന്തുണ അറിയിച്ചു. നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം റിലേ നിരാഹാരം നടത്തുന്നുണ്ട്.

We use cookies to give you the best possible experience. Learn more