ഇസ്‌ലാമാബാദ്: സഹോദരന്‍ പ്രണയിച്ചതിന് ശിക്ഷയായി പെണ്‍കുട്ടിയെ നഗ്നയായി ഒരു മണിക്കൂറോളം നടത്തിച്ചു. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുഖ്വ പ്രവിശ്യയിലാണ് സംഭവം.
ഒക്ടോബര്‍ 27നാണ് സംഭവം നടന്നതെന്ന് ജിയോ ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു. വെള്ളം എടുത്ത് തിരിച്ചുവരികയായിരുന്ന പതിനാറുകാരിയെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് നഗ്നയാക്കിയശേഷം പൊതുമധ്യത്തിലൂടെ നടത്തിക്കുകയായിരുന്നു.
മൂന്നുവര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ സഹോദരന്‍ സജാദും ആ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ സജാദില്‍ നിന്നും ഒരുലക്ഷത്തി അയ്യായിരം രൂപ പിഴയായി വാങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ എന്നിട്ടും ആ കുടുംബത്തോടുള്ള വിദ്വേഷം തീരാത്ത ചിലര്‍ സജാദിന്റെ സഹോദരിയെ ശിക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രധാന പ്രതി ഒളിവിലാണ്.