തിരുവനന്തപുരത്ത് കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി
Kerala News
തിരുവനന്തപുരത്ത് കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th February 2024, 7:52 pm

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ചാക്കയിൽ നിന്ന് കാണാതായ രണ്ടു വയസ്സുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയിൽവേ സ്റ്റേഷനടുത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

സ്റ്റേഷൻ സമീപത്തുള്ള ഓടക്കരികിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 20 മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ഒടുവിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

വൈദ്യ പരിചരണം നൽകുവാനായി കുട്ടിയ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് നാടോടികുടുംബത്തിന്റെ മകളെ കാണാതായത്. കുട്ടിയെ ഇപ്പോൾ കണ്ടെത്തിയ പ്രദേശത്ത് നാട്ടുകാരും ഡോഗ് സ്ക്വാഡും നേരത്തെ പരിശോധന നടത്തിയിരുന്നു.

എന്നാൽ അപ്പോൾ കുട്ടി അവിടെ ഉണ്ടായിരുന്നില്ല എന്നതിനാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയവർ തിരികെ കൊണ്ടുവന്ന് സ്റ്റേഷന് സമീപം ഉപേക്ഷിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം പേട്ട ബ്രഹ്മോസിന്  സമീപത്തുനിന്നാണ് ബീഹാർ സ്വദേശികളുടെ രണ്ടു വയസ്സുകാരി മകളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. മൂന്ന് സഹോദരങ്ങൾക്കൊപ്പം പെൺകുട്ടി ഉറങ്ങാൻ കിടന്നതാണെന്നും ഒരുമണിക്ക് ശേഷം ഉണർന്നപ്പോൾ കുട്ടിയെ കണ്ടില്ലെന്നുമാണ് ഇവർ പൊലീസിന് പരാതി നൽകിയത്.

Content Highlight: Girl missing from Thiruvananthapuram found