[]കൊച്ചി: കൂട്ടുകാരിക്കൊപ്പം ജീവിക്കണമെന്ന ആഗ്രഹവുമായി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ 21 കാരിയായ പെണ്‍കുട്ടിയെ ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കി. []
കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി തനിക്ക് വീട്ടിലേക്ക് തന്നെ തിരിച്ചുപോകണമെന്നും അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കണമെന്നും കോടതിയില്‍ പറഞ്ഞു.
കുട്ടിയുടെ വാദം കേട്ട കോടതി ഒടുവില്‍ കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. അച്ഛനും അമ്മയ്ക്കും കുട്ടിക്കും പോലീസ് സംരക്ഷണം നല്‍കാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും ജസ്റ്റിസ് പി.ഡി.രാജനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
കൂട്ടുകാരിയോടൊപ്പം ബാംഗ്ലൂരില്‍ താമസിക്കാനാണ് ആഗ്രഹമെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സത്യവാങ്മൂലത്തിലെ വിശദീകരണം പൂര്‍ണമായി അറിയില്ലെന്നാണ് പെണ്‍കുട്ടി കോടതിയെ അറിയിച്ചത്.
വീട്ടില്‍ നിന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിപ്പോയത്. കൂട്ടുകാരിക്കൊപ്പം താമസിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ ബാംഗ്ലൂരിലെ സ്വവര്‍ഗാനുരാഗികളുടെ സംഘടനായ സംഗമിയില്‍ ചെന്നപ്പോള്‍ അവിടെ താമസിക്കണമെന്ന് തോന്നിയില്ലെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു.
കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ ഒറ്റപ്പാലത്തെ ഒരു കോളേജില്‍ പഠിക്കുന്ന മകളെ ജൂലായ് 5 മുതല്‍ കാണാനില്ലെന്നായിരുന്നു പറഞ്ഞത്. ഷൊര്‍ണൂര്‍ സ്വദേശിനിയായ കൂട്ടുകാരിക്കൊപ്പമാണ് കാണാതായിട്ടുള്ളത് എന്നും അറിയിച്ചിരുന്നു.
സ്വവര്‍ഗ്ഗാനുരാഗികളുടെ സംഘടനയുടെ സഹായത്തോടെ തന്റെ മകളെ കടത്തിക്കൊണ്ടുപോയെന്നായിരുന്നു ഹൈക്കോടതില്‍ സമര്‍പ്പിച്ച ഹരജിയിലെ പ്രധാന വാദം.ബാംഗ്ലൂരിലെ സംഗമയില്‍ മകളെ അനധികൃതമായി തടഞ്ഞുവെച്ചിരിക്കയാണെന്നും ഹരജിയില്‍ കുറ്റപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്നാണ് പോലീസ് കുട്ടിയെ കണ്ടെത്തി കോടതില്‍ ഹാജരാക്കിയത്.