Daily News
പഞ്ചാബില്‍ ഓടുന്ന ബസില്‍ അമ്മയെയും മകളെയും പീഡിപ്പിക്കാന്‍ ശ്രമം; മകള്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Apr 30, 05:02 am
Thursday, 30th April 2015, 10:32 am

rape
അമൃതസര്‍: ദല്‍ഹി കൂട്ട ബലാല്‍സംഗ സംഭവത്തിന് സമാനമായി പഞ്ചാബില്‍ അമ്മയെയും മകളെയും ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം. പീഡന ശ്രമം എതിര്‍ത്ത അമ്മയെയും മകളെയും ജീവനക്കാര്‍ പുറത്തേക്കെറിയുകയും അപകടത്തില്‍ പരിക്കേറ്റ മകള്‍ മരിക്കുകയും ചെയ്തു. പരിക്കേറ്റ അമ്മ ചികിത്സയിലാണ്.

പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്നും സമീപത്തെ ഗുരുദ്വാരയിലേക്ക് സന്ദര്‍ശനം നടത്താന്‍ പോകവെയാണ് ഇരുവര്‍ക്കുമെതിരെ പീഡനം ശ്രമം ഉണ്ടായത്. ബസില്‍ കയറിയ ഉടന്‍ തന്നെ മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ബസ് നിര്‍ത്താന്‍ കണ്ടക്ടറോടും ഡ്രൈവറോടും ആവശ്യപ്പെട്ടങ്കിലും ഇരുവരും പ്രതികള്‍ക്കൊപ്പം ചേരുകയായിരുന്നുവെന്നും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

പത്തിലധികം പേര്‍ ചേര്‍ന്നാണ് ബസില്‍ ഇരുവര്‍ക്കുമെതിരെ തിരിഞ്ഞത്. അല്‍പദൂരം പിന്നിട്ട ശേഷം അമ്മയെയും മകളെയും ബസിലുള്ളവര്‍ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ച ആഘാതത്തിലാണ് 13 കാരിയായ മകള്‍ മരണപ്പെട്ടത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് കണ്ടെടുത്തെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. സ്ഥലത്തെ രാഷ്ട്രീയ സ്വാധീനമുള്ള കുടുംബത്തിന്റെതാണ് ബസ്.