| Thursday, 19th October 2017, 8:02 am

അച്ഛന്‍ ക്യൂവില്‍ നില്‍ക്കെ ചികിത്സ കിട്ടാതെ പെണ്‍കുട്ടി മരിച്ചു; ആംബുലന്‍സ് വിട്ടുനല്‍കാതെ ആശുപത്രി അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: എയിംസ് അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഒമ്പതുവയസുകാരി മരിച്ചു. അധികൃതര്‍ ആംബുലന്‍സ് വിട്ടുകൊടുക്കാത്തതിനാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം തോളിലേറ്റി പിതാവ് നടന്നത് നാലുമണിക്കൂര്‍. പാറ്റ്‌നയില്‍ കജ്ര ഗ്രാമത്തിലാണ് സംഭവം.

രാംബാലക് എന്ന മധ്യവയസ്‌കനും ഭാര്യക്കുമാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മകളെ നഷ്ടപ്പെട്ടത്. ഒമ്പതുകാരിയായ റൗഷന്‍ കുമരിക്ക് ആറു ദിവസമായി കടുത്ത പനിയായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ പാറ്റ്നയിലുള്ള എയിംസില്‍ എത്തിച്ചത്.


Also Read: ‘ഈ കമ്യൂണിസ്റ്റ് തീവ്രവാദിയെ നിങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ എന്തു ചെയ്യും’; നടന്‍ അലന്‍സിയര്‍ ലോപ്പസിനെ കൊല്ലാനും കത്തിക്കാനും സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ആഹ്വാനം


എന്നാല്‍ കുട്ടിയെ ഒ.പിയില്‍ കാണിക്കാനായിരുന്നു ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഒ.പിയില്‍ നീണ്ട വരിയാണെന്നും രോഗം കലശലാണെന്നും രാംബാലകും ഭാര്യയും കരഞ്ഞ് പറഞ്ഞിട്ടും അധികൃതര്‍ വഴങ്ങിയില്ല.

ക്യൂവില്‍ നില്‍ക്കുന്ന മറ്റുള്ളവരോടും രാംബാലക് തന്നെ കടത്തി വിടണമെന്ന് അപേക്ഷിച്ചെങ്കിലും അവരും വഴങ്ങിയില്ല. ഒ.പി ടിക്കറ്റിനായുള്ള രജിസ്ട്രേഷനെല്ലാം തീര്‍ന്നപ്പോഴേക്കും കുട്ടി മരണപ്പെടുകയായിരുന്നു.


Also Read: വെടിയൊച്ച നിലയ്ക്കാതെ അമേരിക്ക; മെരിലാന്റില്‍ വെടിവെപ്പില്‍ അഞ്ച് മരണം


കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആബുംലന്‍സ് വിട്ടുനല്‍കാനും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. അവസാനം മകളുടെ മൃതദേഹം തോളിലേറ്റി നാലു കിലോമീറ്റര്‍ ദൂരത്തുള്ള പൗള്‍വാരി ഷെരീഫിലെ ഓട്ടോസ്റ്റാന്‍ഡിലേക്ക് നടക്കുകയായിരുന്നു. ഇവിടെ നിന്നും ഓട്ടോയില്‍ കയറ്റി മൃതദേഹം വീട്ടിലെത്തിച്ചു.

ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാത്തതിനാല്‍ മൃതദേഹം ചുമന്നു കൊണ്ടുപോകുന്നത് ഉത്തരേന്ത്യയില്‍ നിത്യസംഭവമായിരിക്കുകയാണ്. ഒറീസയില്‍ കഴിഞ്ഞ വര്‍ഷം ഭാര്യയുടെ മൃതദേഹം തോളിലേറ്റി ഭര്‍ത്താവ് 10 കിലോമീറ്റര്‍ നടന്നത് വലിയ വിവാദമായിരുന്നു. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച മകന്റെ മൃതദേഹം ഗ്രാമത്തിലെത്തിക്കാന്‍ ആംബുലന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് മൃതദേഹം ചുമലിലേറ്റി കിലോമീറ്ററുകളോളം അച്ഛന്‍ നടന്നതും വാര്‍ത്തയായിരുന്നു.

We use cookies to give you the best possible experience. Learn more