നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടി ഭയന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകള്‍ മരിച്ചു. ഡിഗ്രി വിദ്യാര്‍ഥി വൈഷ്ണവി (19) ആണ് മരിച്ചത്. അമ്മ ലേഖ (40) ഗുരുതരമായ പൊള്ളലുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
മാരായമുട്ടം മലയിക്കടയിലാണ് ദാരുണസംഭവം നടന്നത്. കനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍ നിന്ന് പതിനഞ്ച് വര്‍ഷം മുമ്പ് ഇവരുടെ കുടുംബം അഞ്ചു ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. പലിശ സഹിതം ഇതിപ്പോള്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപയായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ഇവരിപ്പോള്‍ മരപ്പണിക്കാരനാണ്.