| Saturday, 4th May 2019, 2:28 pm

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐയില്‍ നിന്നുനേരിട്ട അതിക്രമങ്ങള്‍ വെളിവാക്കി പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ്: ആരോപണങ്ങള്‍ തള്ളി എസ്.എഫ്.ഐ നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ നിന്നു നേരിട്ട പീഡനങ്ങളാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കഴിഞ്ഞദിവസം കോളജില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

‘ബി.പി കുറഞ്ഞത് കാരണം തലകറങ്ങിയിട്ട് എനിക്ക് എക്‌സാം പോലും നേരെ എഴുതാന്‍ കഴിഞ്ഞില്ല. സെക്രട്ടറിയേറ്റ് മാര്‍ച്ച് എന്നും പറഞ്ഞ് പിരീഡ്‌സ് ആയിരുന്ന അവസ്ഥയില്‍ പോലും ഞാന്‍ വെയില്‍കൊണ്ടു നടന്നു. കരഞ്ഞു പറഞ്ഞിട്ടുപോലും എസ്.എഫ്.ഐക്കാര്‍ എന്നെ ക്ലാസിലിരിക്കാന്‍ അനുവദിച്ചില്ല. സമയത്ത് ബസ് ഇല്ലാത്തതുകൊണ്ട് കറക്ട് 3.30ന് വീട്ടില്‍ പോകണമെന്ന് പറഞ്ഞ് ഇറങ്ങിയപ്പോഴും എന്നെ തടഞ്ഞുവയ്ക്കുകയും ചീത്ത പറയുകയും ശരീരത്തില്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെതിരെ പ്രിന്‍സിപ്പലിനോട് പോലും പരാതി പറഞ്ഞു. പക്ഷേ അയാള്‍ എന്റെ പരാതി കണ്ടില്ലെന്ന് നടിച്ചു.’ എന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

ക്ലാസില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കുന്നതെന്നും കത്തില്‍ പെണ്‍കുട്ടികളുടെ പേര് പരാമര്‍ശിച്ചുകൊണ്ട് വിദ്യാര്‍ഥിനി ആരോപിക്കുന്നു. ഈ പെണ്‍കുട്ടികളും യൂണിയന്‍ നേതാക്കളും പ്രിന്‍സിപ്പലുമാണ് തന്റെ ആത്മഹത്യയ്ക്കു കാരണമെന്നാണ് വിദ്യാര്‍ഥിനി കുറിപ്പില്‍ പറയുന്നത്.

‘ഭ്രാന്ത് പിടിച്ചതുപോലെയായിരുന്നു എന്റെ അവസ്ഥ. അത്രത്തോളം എന്റെ സ്വപ്‌നങ്ങള്‍ നിങ്ങളെ കാരണം തകര്‍ന്നു. എന്റെ ഈ ഗതി ഒരു പെണ്‍കുട്ടിക്കും ഇനി ഉണ്ടാകരുത്. അമ്മ… ഇവിടെ വെറുതെ വിടരുത്’ എന്നു പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം ആരോപണങ്ങള്‍ എസ്.എഫ്.ഐ നേതൃത്വം നിഷേധിച്ചു. എസ്.എഫ്.ഐയ്ക്ക് വലിയ സ്വാധീനമുള്ള കോളജാണ് യൂണിവേഴ്‌സിറ്റി കോളജ്. ഇവിടെ എസ്.എഫ്.ഐ അനുഭാവികളായ 1200ഓളം വിദ്യാര്‍ഥികളുണ്ട്. അതിനാല്‍ ആരെയും നിര്‍ബന്ധിച്ച് സമരപരിപാടികളില്‍ പങ്കെടുപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബ് പറയുന്നത്.

‘എസ്.എഫ്.ഐയുമായി ബന്ധപ്പെട്ടല്ല, അവിടെ യൂണിയനുമായി ബന്ധപ്പെട്ട് ആ വിദ്യാര്‍ഥിക്ക് എന്തോ പ്രശ്‌നമുണ്ടായിട്ടുണ്ടെന്നാണ് ആ പെണ്‍കുട്ടി ആരോപിച്ചത്. രണ്ടുമാസമായി യൂണിവേഴ്‌സിറ്റി കോളജിനകത്ത് യൂണിയന്‍ പരിപാടികളോ അക്കാദമിക് ക്ലാസുകളോ ഒന്നും തന്നെ അവിടെ നടക്കുന്നില്ല. രണ്ടുമാസമായി വെക്കേഷനാണ്. ഏപ്രില്‍ മാസത്തില്‍ മൂന്നാം വര്‍ഷക്കാര്‍ക്ക് പരീക്ഷ നടക്കുകയും ചെയ്തിരുന്നു. ഈ പറയപ്പെടുന്ന പെണ്‍കുട്ടി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് അവിടുത്തെ. യൂണിവേഴ്‌സിറ്റി കോളജിലെ ഒരു വിദ്യാര്‍ഥിയേയും എസ്.എഫ്.ഐ ഭീഷണിപ്പെടുത്തി അവിടുത്തെ സമരങ്ങളില്‍ പങ്കെടുപ്പിക്കുന്നില്ല. എസ്.എഫ്.ഐ നിരന്തരമായി സമരങ്ങള്‍ ഏറ്റെടുക്കുന്ന സാഹചര്യം നിലവിലില്ല. ഒന്നോ രണ്ടോ സമരങ്ങള്‍ മാത്രമേ നടത്തിയിട്ടുള്ളൂ. ഒരു വിദ്യാര്‍ഥിയെപ്പോലും ഭീഷണിപ്പെടുത്തി സമരത്തില്‍ പങ്കെടുപ്പിക്കുന്ന സാഹചര്യം അവിടെ നിലനില്‍ക്കുന്നില്ല.’ റിയാസ് വഹാബ് പറഞ്ഞു.

പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ ആ വിദ്യാര്‍ഥിക്ക് വേറെന്തോ പ്രശ്‌നങ്ങളുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ ഭാഗത്തുനിന്നും ഇത്തരം സമീപനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നാണ് പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന എമില്‍ ബി.എസ് എന്ന വിദ്യാര്‍ഥി പറയുന്നത്.

‘ ആ കോളജില്‍ പഠിച്ച് പഠനം പാതിവഴിയില്‍ നിര്‍ത്തി മറ്റൊരു കോളജില്‍ പ്രൈവറ്റായി പഠിക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ് എനിക്ക്. യൂണിവേഴ്‌സിറ്റി കോളജില്‍ ഞാന്‍ ചെന്ന ആദ്യ ദിവസം തന്നെ എസ്.എഫ്.ഐയുടെ പരിപാടികളില്‍ പങ്കെടുക്കണമെന്ന കര്‍ശനമായ നിര്‍ദേശമുണ്ടായിരുന്നു. കൂടാതെ എസ്.എഫ്.ഐയുടെ മെമ്പര്‍ഷിപ്പ് എന്നെ നിര്‍ബന്ധിച്ച് എടുപ്പിച്ചു. ശാരീരികമായി മര്‍ദ്ദിക്കുന്നതിനേക്കാള്‍ വലിയ ബുദ്ധിമുട്ടാണ് മാനസികമായ വേദന. 2000ത്തോളം കുട്ടികള്‍ പഠിക്കുന്ന ക്യാമ്പസില്‍ നമ്മളെ ഒറ്റപ്പെടുത്തുകയെന്നുള്ള അവസ്ഥയുണ്ട്. ഒരു വിദ്യാര്‍ഥിയുമായും നമുക്ക് നല്ലൊരു സുഹൃത്തിനെപ്പോലെ പെരുമാറാന്‍ പറ്റാത്ത നിലയിലേക്ക് ക്യാമ്പസില്‍ നമ്മളെ ഒറ്റപ്പെടുത്തി കളയും. എസ്.എഫ്.ഐയുടെ പരിപാടിയ്ക്ക് ഇറങ്ങിയില്ലെങ്കില്‍ അവര്‍ പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ അവര് നമ്മളെ ഏറ്റവും മൃഗീയമായ രീതിയില്‍ ട്രീറ്റ് ചെയ്യും. പഠിക്കാന്‍ പോലും തോന്നില്ല. ക്യാമ്പസില്‍ പേടിച്ച് പേടിച്ച് വരുന്ന അവസ്ഥയാവും. ‘ എമില്‍ പറയുന്നു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. വിദ്യാഭ്യാസ സെക്രട്ടറി ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടിയെ കാണും. കൂടാതെ കോളജിലെത്തി മൊഴിയെടുക്കുകയും ചെയ്തശേഷമായിരിക്കും സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

ഇന്നലെ രാവിലെയാണ് കോളജിനകത്തുവെച്ച് ഞരമ്പ് മുറിച്ച് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ഞറമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി അമിത അളവില്‍ വേദനാസംഹാരിയും കഴിച്ചിരുന്നു.

അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയ കോളജ് ജീവനക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന് ഇവരെ വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

അതേസമയം, പെണ്‍കുട്ടിയോ ബന്ധുക്കളോ കോളജ് അധികൃതര്‍ക്കെതിരെ പൊലീസില്‍ നേരിട്ട് പരാതിയൊന്നും നല്‍കിയിട്ടില്ല. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങാന്‍ സാധ്യതയുണ്ട്.

We use cookies to give you the best possible experience. Learn more