മുംബൈ: ബാല്‍ താക്കറെയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ രണ്ട് പെണ്‍കുട്ടികളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ ബന്ദ് ആചരിച്ചതില്‍ പ്രതിഷേധിച്ചാണ് 21 കാരിയായ ഷഹീന്‍ ദാദ ഫേസ്ബുക്ക് സ്റ്റാറ്റസായി ബന്ദിനെ ചോദ്യം ചെയ്തത്. ഞായറാഴ്ച അറസ്റ്റ് ചെയ്ത പെണ്‍കുട്ടികളെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ 15,000 രൂപയുടെ ബോണ്ടില്‍ സ്വന്തം ജാമ്യത്തില്‍ വിടുകയായിരുന്നു.[]
“താക്കറെയെ പോലുള്ള ആളുകള്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യും. അതിന്റെ പേരില്‍ ബന്ദ് ആചരിക്കേണ്ട ആവശ്യമില്ല. ഞങ്ങള്‍ സ്മരിക്കേണ്ടത് ഭഗത്സിംഗിനെയും സുഖ്‌ദേവിനേയുമാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ധീരരക്തസാക്ഷികള്‍”-എന്നായിരുന്നു പെണ്‍കുട്ടിയുടെ പോസ്റ്റ്. ഈ പോസ്റ്റ് ലൈക് ചെയ്ത് സുഹൃത്തായ രേണുവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പെണ്‍കുട്ടികളുടെ സ്റ്റാറ്റസ് ജനങ്ങള്‍ക്കിടയില്‍ ശത്രുതയും വെറുപ്പും വര്‍ദ്ധിപ്പിക്കുമെന്നും മറ്റൊരര്‍ത്ഥത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്നും കാണിച്ചാണ് അറസ്റ്റ് ചെയ്തത്. ഐ.പി.സി സെക്ഷന്‍ 505, 295(a), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 64(a) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടികളുടെ പോസ്റ്റ് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്തുന്നതല്ലെന്നും രാഷ്ട്രീയമില്ലാത്ത ഈ കുട്ടികളുടെ പ്രവര്‍ത്തിയെ മറ്റുതരത്തില്‍ വ്യാഖ്യാനിക്കേണ്ടെന്നും ഇവരുടെ വക്കീല്‍ സുധീര്‍ ഗുപ്ത പറഞ്ഞു.
പോസ്റ്റിനെത്തുടര്‍ന്ന് നാല്‍പതോളം വരുന്ന ശിവസേനക്കാര്‍ ഷഹീന്‍ ദാദയുടെ ബന്ധുവിന്റെ ക്ലിനിക് അടിച്ചു തകര്‍ത്തു. ഓര്‍ത്തോപീഡിയ ക്ലിനിക് അടിച്ചു തകര്‍ത്ത ശിവസൈനികരെ പരാതി കിട്ടിയിട്ടും ആദ്യം അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല. വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മാത്രമാണ് ഒരു പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തത്.
ജാമ്യം ലഭിച്ച ഷഹീന്‍ ദാദ തന്റെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു.
താക്കറെയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ദ് നടത്തിയതിനെതിരെ ഫെയ്‌സ്ബുക്കില്‍ പ്രതിഷേധം രേഖപ്പെടുത്തിയ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കമെന്ന് മാര്‍ക്കണ്ഡേയ കട്ജു ആവശ്യപ്പെട്ടു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മുന്‍ സുപ്രീംകോടതി ജസ്റ്റീസുമായ മാര്‍ക്കണ്ഡേയ കട്ജു സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പ്രിഥ്വിരാജ് ചൗഹാനു കത്തയക്കുകയും ചെയ്തു.