കഠിനാധ്വാനത്തിന്റെ ഫലമാണ് പാരാലിമ്പിക്‌സിലെ വെള്ളി നേട്ടം: ഗിരിഷ
DSport
കഠിനാധ്വാനത്തിന്റെ ഫലമാണ് പാരാലിമ്പിക്‌സിലെ വെള്ളി നേട്ടം: ഗിരിഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th September 2012, 6:42 pm

ഫേസ് ടു ഫേസ് / ഗിരിഷ ഹൊസങ്കാര നാഗരാജെഗൗഡ
മൊഴിമാറ്റം/ആര്യ.പി


ശാരീരിക വൈകല്യമുള്ളവര്‍ ആ വൈകല്യം മറന്ന് മാറ്റുരച്ച വേദിയായിരുന്നു ലണ്ടനിലെ പാരാലിമ്പിക്‌സ് വേദി. അവിടെ ഇന്ത്യന്‍ പതാക ആദ്യമായി ഉയര്‍ന്നത് കര്‍ണാടകക്കാരനായ ഗിരിഷ ഹൊസങ്കാര നാഗരാജെഗൗഡ എന്ന ഇരുപത്തിനാലുകാരന്റെ ഉജ്ജ്വലാര്‍ന്ന ഹൈജമ്പ് പ്രകടനത്തോടെയായിരുന്നു. കര്‍ണായകയിലെ ഒരു ഉള്‍ഗ്രാമത്തിലെ സാധാരണ കൂലിപ്പണിക്കാരനായ ഗിരിഷ ഈ നേട്ടം കൈവരിക്കാന്‍ വേണ്ടി  താണ്ടിയ ദൂരം കുറച്ചൊന്നുമായിരുന്നില്ല.[]

24 കാരനായ ഗിരിഷ തന്റെ കരിയറിലെ മികച്ച ദൂരമാണ് ലണ്ടനില്‍ താണ്ടിയത് 1.74 മീറ്റര്‍. തലനാരിഴക്കും, ഭാഗ്യക്കുറവ് മൂലവുമാണ് ഗിരീഷക്ക് സ്വര്‍ണം നഷ്ടമാകുന്നത്. സ്വര്‍ണം നേടിയ താരം ഇലിയേസ ഡെലാന പിന്നിട്ടത് 1.74 മീറ്റര്‍ ദൂരം തന്നെയായിരുന്നു. പക്ഷെ കുറഞ്ഞ ചാട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഗിരിഷക്ക് സ്വര്‍ണം നഷ്ടപ്പെടുകയാണുണ്ടായത്.

പാരാലിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യക്കുവേണ്ടി മെഡല്‍ കഴുത്തിലണിയുന്ന ആറാമത്തെ താരമാണ് ഗിരിഷ. എന്നാല്‍ ഹൈജമ്പില്‍ ഇന്ത്യക്ക് കന്നി മെഡല്‍ സമ്മാനിച്ച താരമെന്ന റെക്കോഡ് ഇനി ഗിരിഷയ്ക്ക് സ്വന്തം. ഭീംറാവു കേസാര്‍ക്കര്‍ (ജാവ്്‌ലിന്‍ ത്രോ), ജോഗീന്ദര്‍ സിങ് ബേദി (ഷോട്ട്പുട്ട്) എന്നിവര്‍ക്ക് ശേഷം പാരാലിമ്പിക്‌സില്‍ വെള്ളി കൈക്കലാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം.

ഇന്ത്യയ്ക്കായി സ്വര്‍ണനേട്ടം കൈവരിക്കാനാകാത്തതില്‍ വിഷമമുണ്ടെങ്കിലും മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ സംപൃപ്തനാണ് ഗിരിഷ..ഗിരിഷയുടെ ഒളിമ്പിക്‌സ് വിശേഷങ്ങളിലൂടെ..

പാരാലിമ്പിക്‌സില്‍ ഇന്ത്യന്‍ പതാക ആദ്യമായി ഉയരാന്‍ കാരണമായത് താങ്കള്‍ കാരണമാണല്ലോ, മെഡല്‍ നേട്ടത്തെ എങ്ങനെ കാണുന്നു ?

ഇന്ത്യയ്ക്കായി മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ ആ നേട്ടം ഒരിക്കലും നിസാരമായിരുന്നില്ല. പാരാലിമ്പിക്‌സിനായി രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നുമായി 82 പേരായിരുന്നു എത്തിയിരുന്നത്. ഹൈജമ്പ് മത്സരം തന്നെ കടുത്തതായിരുന്നു. 1.74 മീറ്റര്‍ ദൂരമായിരുന്നു ഞാന്‍ പിന്നിട്ടത്. സ്വര്‍ണം നേടിയ  ഇലിയേസ ഡെലാന പിന്നിട്ടത് 1.74 മീറ്റര്‍ ദൂരമായിരുന്നു. പക്ഷെ കുറഞ്ഞ ചാട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണം നഷ്ടപ്പെടുകയാണ്ടുണ്ടായത്.

മെഡല്‍ നേടാനായി എന്തെങ്കിലും സമ്മര്‍ദം ഉണ്ടായിരുന്നോ ?

സമ്മര്‍ദം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു താനും. ഇന്ത്യയില്‍ നിന്നും മത്സരിക്കുന്ന ഓരോ താരങ്ങളും ഒരു മെഡലെങ്കിലും നേടണമെന്ന് ആഗ്രഹിക്കും. ഞാനും ആഗ്രഹിച്ചു. ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടാനായതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.

ഇന്ത്യയില്‍ നിന്നും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കായിക താരങ്ങള്‍ക്ക് കൊടുക്കുന്ന ട്രെയിനിങ് പര്യാപ്തമാണെന്ന് തോന്നിയിട്ടുണ്ടോ, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിന്തുണ ലഭിച്ചിരുന്നോ?

കര്‍ണാടകയിലെ ഹസാന്‍ എന്ന ചെറിയൊരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. കായികമായി പാരമ്പര്യമുള്ള ആരും കുടുംബത്തിലില്ല. എന്നാല്‍ ഒരു കായികതാരമായി മാറണമെന്ന ആഗ്രഹം കുട്ടിക്കാലത്തേ മനസില്‍ ഉണ്ടായിരുന്നു. അച്ചടക്കത്തോടെയുള്ള ഒരു പരിശീലനം എവിടെ നിന്ന് ലഭിക്കുമെന്ന് പോലും എനിയ്ക്ക് അറിയില്ലായിരുന്നു. ഗ്രാമത്തിലൂടെ മൈലുകള്‍ ഓടിയായിരുന്നു എന്റെ പരിശീലനം. ബെയ്ജിങ്ങില്‍ നടന്ന പാരാലിമ്പിക്‌സില്‍ മത്സരിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അന്ന് സെലക്ഷന്‍ ലഭിച്ചിരുന്നില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അന്ന് പരിശീലത്തിന് സഹായമൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ജോലിയ്ക്കായി ബാംഗ്ലൂരില്‍ എത്തിയതോടെ ആ അവസ്ഥയെല്ലാം മാറി. അവിടെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (ടഅക)
യുടെ കീഴില്‍ എനിയ്ക്ക് പരിശീലനം ലഭിക്കാന്‍ തുടങ്ങി. അതിനായി സര്‍ക്കാരിന്റെ സഹായം ഏറെ ഉണ്ടായിരുന്നു.

പാരാലിമ്പിക്‌സിനായുള്ള തയ്യാറെടുപ്പുകള്‍ എങ്ങനെയായിരുന്നു ?

സായ് സെന്ററിലെ സത്യനാരായണ സാറായിരുന്നു എന്റെ കോച്ച്. അദ്ദേഹമാണ് എനിയ്ക്ക് എല്ലാം പറഞ്ഞ് തന്നത്. പിന്നെ ലണ്ടനില്‍ 20 ദിവസത്തെ ട്രെയിനിങ് ക്യാമ്പും ഉണ്ടായിരുന്നു. അവിടെ റഷ്യന്‍ കോച്ച് എവ്‌ഗെനി നികിതിന്റെ കോച്ചിങ്ങും ഉപദേശങ്ങളും ആത്മവിശ്വാസം നല്‍കി. പിന്നെ ലണ്ടനിലെ കാലാവസ്ഥയും അനുകൂലമായിരുന്നു. അതും മത്സരത്തെ ഏറെ സ്വാധീനിച്ചു.

മികച്ച പ്രകടനം പുറത്തെടുത്താല്‍ എനിക്ക് മെഡല്‍ നേടാന്‍ സാധിക്കുമെന്ന് മനസിലാക്കിയിരുന്നു. സായിയിലെ പരിശീലനം തന്നെയാണ് മെഡല്‍ നേടുന്നതില്‍ എന്നെ സഹായിച്ചത്.

ഒളിമ്പിക്‌സില്‍ ആരുടെ പ്രകടമാണ് പ്രചോദനമായത് ?

ലണ്ടന്‍ ഒളിമ്പിക്‌സില്‍ സുശീല്‍ കുമാറിന്റെ വെള്ളി മെഡല്‍ നേട്ടം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ന്യൂദല്‍ഹിയില്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് സംഘടിപ്പിച്ച വിരുന്നില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അവരുടെ ഓരോരുത്തരുടേയും അനുഭവങ്ങള്‍ എന്നെ ഏറെ സ്വാധീനിച്ചിരുന്നു.

ആദ്യത്തെ അന്താരാഷ്ട്ര നേട്ടം എന്തായിരുന്നു ?

അയര്‍ലന്റിലെ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയതായിരുന്നു ആദ്യമായി എന്നെ തേടിയെത്തിയ അന്താരാഷ്ട്ര നേട്ടം. ആറ് വര്‍ഷം മുമ്പായിരുന്നു അത്.
പിന്നീട് ഒരു ജോലിക്കായി ബാംഗ്ലൂരിലെത്തിയ ഞാന്‍ ഒരു ന്യൂജനറേഷന്‍ ബാങ്കില്‍ ജോലി നോക്കി.
ജനുവരിയില്‍ കുവൈറ്റില്‍ നടന്ന അന്താരാഷ്ട്ര മീറ്റില്‍ വിജയിച്ചതിന് ശേഷം മലേഷ്യയില്‍ ഏപ്രിലില്‍ നടന്ന അന്താരാഷ്ട്ര പാരാമീറ്റിലും വിജയിച്ചു.

മത്സരത്തില്‍ ശാരീരകമായി എന്തെങ്കിലും പ്രശ്‌നം അലട്ടിയിരുന്നോ ?

പാരാലിമ്പിക്‌സില്‍ പങ്കെടുക്കുമ്പോള്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുകയെന്ന ലക്ഷ്യം മാത്രമായിരുന്നു മനസില്‍. അതുകൊണ്ട് തന്നെ വേദനയൊന്നും ഞാന്‍ അറിഞ്ഞില്ല. എന്റെ ഇടതുകാലിന് ചെറുപ്പം മുതലേ പ്രശ്‌നം ഉണ്ട്. ഒരു പക്ഷേ ഒരു സര്‍ജറിയിലൂടെ ശരിയാക്കാമായിരുന്നെങ്കിലും അന്ന് ഭയം കാരണം അത് ചെയ്തില്ല. പിന്നെ സാമ്പത്തികമായും ഏറെ പിന്നിലുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് തന്നെ കൂടുതല്‍ ചികിത്സയെക്കുറിച്ച് ചിന്തിച്ചതുമില്ല.

ഇനി എന്താണ് അടുത്ത പരിപാടി ?

പാരാ അത്‌ലറ്റുകളുടെ ഇന്ത്യയിലെ സര്‍ക്കാര്‍ ഇപ്പോള്‍ ഏറെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കര്‍ണാടകയില്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഒരു ട്രെയിനിങ് അക്കാദമി തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. പിന്നെ ഇനിയും ഏറെ മത്സരങ്ങളെ നേരിടാനുണ്ട്. അതിനായി പരിശീലനം നടത്തേണ്ടതുണ്ട്. രാജ്യത്തിനായി ഇനിയും മെഡലുകള്‍ നേടാനാകുമെന്നാണ് കരുതുന്നത്.

കായിക രംഗത്ത് ഏറെ ആരാധന തോന്നിയത് ആരോടാണ് ?

ക്രിക്കറ്റ് ലോകത്തെ അത്ഭുത പ്രതിഭയായ സച്ചിനെ ഏറെ ആരാധനയോടെയാണ് കാണുന്നത്. അദ്ദേഹത്തെ എന്നെങ്കിലും നേരില്‍ കാണണമെന്ന് ആഗ്രഹമുണ്ട്. സാധിക്കുമോ എന്ന് അറിയില്ല. അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതം ഏറെ അത്ഭുതത്തോടെ വീക്ഷിച്ച ഒരാളാണ് ഞാന്‍.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ