| Monday, 10th June 2019, 9:37 am

ഗിരീഷ് കര്‍ണാട് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എഴുത്തുകാരനും നാടകകൃത്തും ചലച്ചിത്രസംവിധായകനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു.81 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ബാംഗ്ലൂരിലെ ദാവന്‍ഗരെയിലായിരുന്നു അന്ത്യം

കന്നഡ ഭാഷയിലെ പ്രശസ്തനായ എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനുമായ ഗിരീഷ് കര്‍ണാടിനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ച ഏഴു കന്നഡിഗരില്‍ ഒരാളാണ് ഗിരീഷ് കര്‍ണാട്.

1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാതേരാനിലാണ് ഗിരീഷ് കര്‍ണാട് ജനിച്ചത്. ഇംഗ്ലീഷും മറാത്തിയുമാണ് സ്‌കൂളില്‍ ഗിരീഷ് കര്‍ണാട് പഠിച്ചത്. എന്നാല്‍ എഴുതാനായി അദ്ദേഹം തിരഞ്ഞെടുത്തത് കന്നഡ ഭാഷയാണ്. കന്നഡ സാഹിത്യ – നാടക – സിനിമാ രംഗത്തെ അതികായനായി അദ്ദേഹം. എം എ ബിരുദധാരിയാണ്.

ചരിത്രവും ഐതിഹ്യങ്ങളും സമകാലിക വിഷയങ്ങളുമായി കോര്‍ത്തിണക്കി സംവദിക്കുന്നതാണ് ഗിരീഷ് കര്‍ണാടിന്റെ രചനാ ശൈലി. കന്നഡ സിനിമാ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംസ്‌കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായിട്ടാണ് ഗിരീഷ് കര്‍ണാട് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വംശവൃക്ഷ എന്ന ചിത്രത്തിലൂടെ സംവിധായകനുമായി.

ഹിന്ദി സിനിമകളിലും ടി വി പരമ്പരകളിലും അഭിനയിച്ചു. കന്നഡയ്ക്ക് പുറമേ ഹിന്ദിയിലും സിനിമകള്‍ നിര്‍മിച്ചു. കന്നഡ ആര്‍ട്ട് സിനിമാ രംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ഗിരിഷ് കര്‍ണാട്.

Latest Stories

We use cookies to give you the best possible experience. Learn more