ഗിരീഷ് കര്‍ണാട്- ഒരു അര്‍ബന്‍ നക്സലിന്റെ മരണാനന്തര ചോദ്യങ്ങള്‍
Opinion
ഗിരീഷ് കര്‍ണാട്- ഒരു അര്‍ബന്‍ നക്സലിന്റെ മരണാനന്തര ചോദ്യങ്ങള്‍
ജിതിന്‍ ടി പി
Monday, 10th June 2019, 12:02 pm

എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട് വിട വാങ്ങുമ്പോള്‍ നഷ്ടമാകുന്നത് സംഘപരിവാര്‍ കാലത്ത് സാസ്‌കാരിക ലോകം തീര്‍ത്ത പ്രതിരോധത്തെ മുന്നില്‍ നിന്ന് നയിച്ച പോരാളിയെയാണ്.

കലയിലൂടെ ഏകാധിപത്യ ഭരണത്തെ ചോദ്യം ചെയ്യാനാകുമെന്നും സ്വാതന്ത്ര്യസമരകാലത്തെ നാടകങ്ങള്‍ ഇതിന്റെ തെളിവാണെന്നും ഗിരീഷ് കര്‍ണാട് ഹിന്ദുത്വം ഇന്ത്യ ഭരിക്കുമ്പോള്‍ വിളിച്ചു പറഞ്ഞു.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് മനുഷ്യാവകാശപ്രവര്‍ത്തകരെ അര്‍ബന്‍ നക്സല്‍ എന്ന് പറഞ്ഞ് തുറങ്കിലിലടച്ചപ്പോള്‍ ഞാനും അര്‍ബന്‍ നക്സല്‍ എന്ന മുദ്രാവാക്യം പ്ലക്കാര്‍ഡില്‍ എഴുതി നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് അദ്ദേഹം പ്രതിഷേധിച്ചത്.

ഹൂബ്ളിയിലെ ഈദ് ഗാഹ് മൈതാനത്തെച്ചൊല്ലി ഹിന്ദുത്വവാദികള്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ നിന്ന കര്‍ണാടിനോട് അവര്‍ക്ക് ശത്രുതയായി. മുസ്ലീം വിരുദ്ധ നിലപാട് സ്വീകരിച്ച് കുപ്രസിദ്ധനായ എഴുത്തുകാരന്‍ കൂടിയായ വി.എസ് നയ്പോളിന് മുംബൈ ലിറ്റററി ഫെസ്റ്റിവല്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കിയപ്പോള്‍ ആ സമ്മേളനത്തില്‍ വച്ചു തന്നെ ഇത് സ്വീകരിക്കാനുള്ള നയ്പോളിന്റെ യോഗ്യതയെ ചോദ്യം ചെയ്ത കര്‍ണാട് തന്റെറ നിലപാട് വീണ്ടും പ്രഖ്യാപിച്ചു.

2014 ല്‍ നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകാനുള്ള സാധ്യത വന്നപ്പോള്‍, ആ ഒരു ഇന്ത്യയില്‍ ജീവിക്കാന്‍ തനിക്കിഷ്ടമില്ല എന്ന് യുആര്‍ അനന്തമൂര്‍ത്തിയോടൊപ്പം കര്‍ണാടും പ്രഖ്യാപിച്ചു. അന്നദ്ദേഹത്തെ ഹിന്ദുത്വവര്‍ഗീയവാദികള്‍ ഭീഷണിപ്പെടുത്തി. പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാന്‍ ഗിരീഷ് കര്‍ണാട് നിര്‍ബന്ധിതനായി.

ടിപ്പു സുല്‍ത്താന്റെ സ്വപ്നങ്ങള്‍ എന്ന ഒരു നാടകമെഴുതിയിട്ടുണ്ട് കര്‍ണാട്. അദ്ദേഹത്തിന്റെ പ്രിയവിഷയങ്ങളിലൊന്നാണ് ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിക്കെതിരെ പടവെട്ടിയ ടിപ്പു, ഹൈദരലി എന്നീ മഹാന്മാരായ മൈസൂര്‍ സുല്‍ത്താന്‍മാര്‍.

ബംഗളൂരുവിലെ പുതിയ വിമാനത്താവളത്തിന് ടിപ്പുവിന്റെ പേര് നല്കണമെന്ന ഗിരീഷ് കര്‍ണാടിന്റെ അഭിപ്രായത്തോട് ഹിന്ദുത്വവാദികള്‍ തീവ്രമായാണ് പ്രതികരിച്ചത്.

ചരിത്രവും ഐതിഹ്യങ്ങളും സമകാലിക വിഷയങ്ങളുമായി കോര്‍ത്തിണക്കി സംവദിക്കുന്നതാണ് ഗിരീഷ് കര്‍ണാടിന്റെ രചനാ ശൈലി. യു.ആര്‍ അനന്തമൂര്‍ത്തിയുടെ സംസ്്കാര എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരില്‍ സിനിമയൊരുക്കിയായിരുന്നു ഗിരീഷ് കര്‍ണാട് സിനിമാരംഗത്ത് തന്റെ സാന്നിധ്യം അറിയിക്കുന്നത്.



പത്മശ്രീയും പത്മവിഭൂഷണും ജ്ഞാനപീഠ പുരസ്‌കാരവും നേടിയ കര്‍ണാട് വംശവൃക്ഷ എന്ന ചിത്രത്തിലൂടെ സംവിധായകനുമായി.

ഹിന്ദുത്വവാദികളെ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു നരേന്ദ്ര ധബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരയേയും എം.എം കല്‍ബുര്‍ഗിയേയും ഗൗരി ലങ്കേഷിനെയും വെടിവെച്ചു കൊന്നത്. ഈ മനുഷ്യാവാകാശപ്രവര്‍ത്തകരെ കൊന്നുകളഞ്ഞ വെടിയുണ്ടകളിലൊന്ന് ഗിരീഷ് കര്‍ണാടിനേയും ഉന്നം വെച്ചിരുന്നു.

മുസ്ലീം രാജാക്കന്‍മാരുടെ ചരിത്രം ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വഭരണത്തിനോട് കര്‍ണാടിന്റെ രചനകള്‍ ഇനിയും കലഹിച്ചുകൊണ്ടിരിക്കും.

 

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.