ഫഹദിനെ അന്ന് മാത്രമേ നേരിട്ട് കണ്ടിട്ടുള്ളു: ഗിരീഷ് എ.ഡി
Entertainment news
ഫഹദിനെ അന്ന് മാത്രമേ നേരിട്ട് കണ്ടിട്ടുള്ളു: ഗിരീഷ് എ.ഡി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th February 2024, 9:09 pm

പ്രേമലുവിന്റെ സ്ക്രിപ്റ്റ് വേറൊരു പ്രൊഡക്ഷന് വേണ്ടി എഴുതിയതാണെന്ന് സംവിധായകൻ ഗിരീഷ് എ.ഡി. അത് നടക്കാതെ പോയതാണെന്നും ഭാവന സ്റ്റുഡിയോസ് ഇങ്ങനെയൊരു സ്ക്രിപ്റ്റ് ചെയ്യുമെന്ന് അറിയില്ലായിരുന്നെന്നും ഗിരീഷ് പറഞ്ഞു. പ്രേമലുവിന്റെ കഥ പറഞ്ഞപ്പോൾ തന്നെ ഭാവന സ്‌റ്റുഡിയോസിന് ഇഷ്ടപ്പെട്ടെന്നും അങ്ങനെയാണ് ദിലീഷ് പോത്തൻ ഇതിന്റെ ഭാഗമാകുന്നതെന്നും ഗിരീഷ് പറയുന്നുണ്ട്.

ഫഹദ് ഇങ്ങനെയുള്ള ഡിസ്കഷൻ പരിപാടിയിൽ ഒന്നും ഉണ്ടാവാറില്ലെന്നും എല്ലാം ദിലീഷും ശ്യാമുമാണ് നോക്കുന്നതെന്നും ഗിരീഷ് കൂട്ടിച്ചേർത്തു. സിനിമയുടെ അന്നൗൺസ്‌മെന്റിന്റെ സമയത്ത് മാത്രമാണ് നേരിട്ട് കണ്ടതെന്നും ഗിരീഷ് ഡൂൾ ന്യൂസിനോട് പറഞ്ഞു.

‘ശരിക്കും പ്രേമലുവിന്റെ സ്ക്രിപ്റ്റ് വേറൊരു പ്രൊഡക്ഷന് വേണ്ടി എഴുതിയതാണ്. അത് നടക്കാതെ പോയി. ഒരിക്കൽ ദിലീഷ് ഏട്ടനെ കണ്ടപ്പോൾ ഏതെങ്കിലും സ്ക്രിപ്റ്റ് ഉണ്ടോയെന്ന് ചോദിച്ചിരുന്നു. ഇങ്ങനെയൊരു സ്ക്രിപ്റ്റ് ഉണ്ടെന്ന് പറഞ്ഞു. പക്ഷെ ഇത് ഭാവന സ്റ്റുഡിയോസ് ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഞാൻ ആദ്യമേ സമീപിക്കാതിരുന്നത്.

പ്രേമലുവിന്റെ കഥ പറഞ്ഞപ്പോൾ തന്നെ അവർക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ദിലീഷേട്ടൻ ഇതിന്റെ ഭാഗമാകുന്നത്. ഫഹദ് ഇങ്ങനെയുള്ള ഡിസ്കഷൻ പരിപാടിയിൽ ഒന്നും ഉണ്ടാവാറില്ല. എല്ലാം പോത്തേട്ടനും ശ്യാമേട്ടനുമാണ് ചെയ്യുക. അന്നൗൺസ്‌മെന്റിന്റെ സമയത്ത് മാത്രമാണ് ആളെ നേരിട്ട് കണ്ടിട്ടുള്ളു. ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളു,’ ഗിരീഷ് എ.ഡി. പറഞ്ഞു.

മമിതയെയും നസ്‌ലെനെയും തന്നെയായിരുന്നു ലീഡ് ആയിട്ട് ഉദ്ദേശിച്ചിരുന്നതെന്നും ഗിരീഷ് ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ‘മമിതയെയും നസ്‌ലെനെയും തന്നെയായിരുന്നു ലീഡ് ആയിട്ട് ഉദ്ദേശിച്ചിരുന്നത്. ഏറ്റവും ആദ്യം വന്നത് മമിതയായിരുന്നു. പിന്നെയാണ് നസ്‌ലെൻ വരുന്നത്.

സ്ക്രിപ്റ്റ് എഴുതുമ്പോൾ തന്നെ ലീഡ് ചെയ്യാൻ ഇവരെ രണ്ട് പേരെയുമാണ് ഉദ്ദേശിച്ചത്. പിന്നെ അഖിലയാണ് വന്നത്. പിന്നെയാണ് സംഗീത് ഏറ്റവും അവസാനമാണ് ശ്യാം അതിലേക്ക് എത്തുന്നത്. ഇതിലുള്ള എല്ലാവരെയും എനിക്ക് നേരത്തെ അറിയാമായിരുന്നു.

കൂടെ വർക്ക് ചെയ്തിട്ടുള്ളവരാണ്. ശ്യാമിന്റെ കൂടെ മാത്രമാണ് വർക്ക് ചെയ്യാതിരുന്നത്. പക്ഷെ ശ്യാമിനെ സോഷ്യൽ മീഡിയയിലൂടെയൊക്കെ എനിക്കറിയാം. ഇവരെയൊക്കെ വിളിപ്പിച്ച് ചെയ്യിപ്പിച്ച് നോക്കിയിട്ടാണ് ഫൈനൽ പറഞ്ഞത്. അതിന് മുൻപ് ഈ റോളുകളിലേക്ക് വേറെ ആളുകളെയും ഓഡിഷൻ ചെയ്തിരുന്നു. കാസ്റ്റിങ് കോളിൽ നിന്നല്ലാതെ നമുക്ക് അറിയാവുന്ന ആളുകളെ വെച്ച് നമ്മൾ ചെയ്യിപ്പിച്ചിരുന്നു. ഇവരെയാണ് ആപ്റ്റ് ആയി തോന്നിയത്.

പ്രേമലു കണ്ട് സിനിമാ മേഖലയിൽ നിന്ന് വന്ന സർപ്രൈസിങ് കോളിനെക്കുറിച്ചും സത്യൻ അന്തിക്കാട് അഭിമുഖത്തിൽ പറയുന്നുണ്ട്. സത്യൻ അന്തിക്കാട് താൻ ആശാനെപ്പോലെ കാണുന്ന ഒരാളാണെന്നും അദ്ദേഹത്തിന്റെ കോൾ തനിക്കുള്ള അംഗീകാരമാണെന്നും ഗിരീഷ് പറയുന്നു.

Content Highlight: Girish AD about meeting Fahadh Fazil in person