ന്യൂദല്‍ഹി: വിദ്വേഷ പരാമര്‍ശങ്ങള്‍ തുടര്‍ന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ഗിരിരാജ് സിങ്. 1947ന് മുമ്പ് മുസ്‌ലിങ്ങളെ പാകിസ്ഥാനിലേക്ക് നാടുകടത്തിയിരുന്നെങ്കില്‍ നന്നായേനെയെന്ന് ഗിരിരാജ് സിങ് പറഞ്ഞു. മുസ്‌ലിങ്ങള്‍ ഹിന്ദുക്കളെന്ന വ്യാജേന കടകള്‍ തുറക്കരുതെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി വീണ്ടും രംഗത്തെത്തിയത്.
‘1947ന് മുമ്പ് മുസ്‌ലിങ്ങളെ പാകിസ്ഥാനിലേക്ക് നാടുകടത്തിയിരുന്നെങ്കില്‍ ഇന്ത്യ ഇതിലും നന്നായേനെ. ഇന്ത്യയുടെ ഭാഗ്യദോഷം കൊണ്ടാണ് അങ്ങനെ ഒരു കാര്യം നടക്കാതിരുന്നത്,’ എന്നായിരുന്നു ഗിരിരാജ് സിങ് പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് കേന്ദ്ര മന്ത്രിയുടെ വിദ്വേഷ പരാമര്‍ശം.
കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിടാനും സബ് കാ സാത്ത്, സബ് കാ വികാസ് എന്നീ മുദ്രാവാക്യങ്ങള്‍ വലിച്ചെറിയാനും ആഹ്വാനം ചെയ്തതിന് പിന്നാലെയായിരുന്നു ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന.
വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യമിടുന്നവര്‍ സനാതന ധര്‍മത്തിനെതിരെ ആക്രമണം നടത്തുകയാണെന്നും ഗിരിരാജ് സിങ് പറഞ്ഞു. മുസ്‌ലിങ്ങളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ചതാണ് ഏറ്റവും വലിയ തെറ്റെന്നും ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.
നവാഡയില്‍ നിന്ന് ഒരു തവണയും ബെഗുസാരായിയില്‍ നിന്ന് രണ്ട് തവണയും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗിരിരാജ് സിങ്ങിന്റെ വിദ്വേഷ പ്രസ്താവനകള്‍ ആര്‍.എസ്.എസ് ഹിന്ദി വാരികയായ ‘പാഞ്ചജന്യ’ പ്രസിദ്ധീകരിക്കുകയും ചെയ്തു. മതത്തിന്റെ പേരിലാണ് രാജ്യം വിഭജിച്ചതെങ്കില്‍ മുസ്‌ലിങ്ങളെ ഇവിടെ തുടരാന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് പാഞ്ചജന്യയിലൂടെ കേന്ദ്ര മന്ത്രി ചോദിക്കുന്നുണ്ട്.
അതേസമയം ഉത്സവകാലങ്ങളില്‍ മുസ്‌ലിങ്ങള്‍ ഹിന്ദുക്കളുടെ പേരില്‍ കടതുറക്കരുതെന്നും അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുമായിരുന്നു ഗിരിരാജ് സിങ് നേരത്തെ നടത്തിയ വിദ്വേഷ പരാമര്‍ശം. എന്നാല്‍ ഈ പ്രസ്താവന നാണക്കേടാണെന്നും ജാതി കാര്‍ഡ് ജനം തള്ളിയെന്ന വസ്തുത ബി.ജെ.പി ഇനിയും മനസിലാക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പ്രതികരിക്കുകയുണ്ടായി.
Content Highlight: Giriraj Singh said it would have been better if Muslims had been deported to Pakistan before 1947