പാട്‌ന: ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസാരായില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിംഗ്. നവാദ സീറ്റ് മാറ്റി തനിക്ക് ബെഗുസാരായ് തരണം എന്ന് ഒരിക്കലും നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
താന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ നവാദയിലെ ജനങ്ങള്‍ ചോദ്യം ചെയ്താല്‍ മാത്രമേ മണ്ഡലം മാറുന്ന കാര്യം ആലോചിക്കൂവെന്നും ഗിരിരാജ് സിംഗ് എ.ബി.പി ന്യൂസിനോട് പറഞ്ഞു.
അഞ്ച് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഗിരിരാജ് സിംഗിനെ സമ്മതിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗിരിരാജ് സിംഗ് വഴങ്ങിയില്ല.നിലവില്‍ നവാദ സീറ്റ് സഖ്യകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടിക്ക് നല്‍കിയിരിക്കുകയാണ്.
ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറിനെ പൊതു സ്ഥാനാര്‍ത്ഥിയായി ഇടത് പാര്‍ട്ടികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബെഗുസരായില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത്.
ബി.ജെ.പി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിന്റെ മൗലികവാദത്തിനെതിരാണ് തന്റെ പോരാട്ടമെന്നായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാനത്തിന് പിന്നാലെ കനയ്യ കുമാര്‍ പ്രതികരിച്ചത്. കന്ദ്ര മന്ത്രിയെന്നതിനെക്കാളുപരി ഇടക്കിടെ ഇന്ത്യക്കാരെ പാകിസ്ഥാനിലേക്കയക്കുന്ന ഗിരിരാജ് സിങ്ങ്, പാക് വിസാ മന്ത്രിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കനയ്യ കുമാര്‍ പരിഹസിച്ചു. ആര്‍.ജെ.ഡിയുടെ തന്‍വിര്‍ ഹസനുമായി ആയിരിക്കില്ല തന്റെ പോരാട്ടം എന്നും കുമാര്‍ വ്യക്തമാക്കിയിരുന്നു.
ബെഗുസാരായില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായ കനയ്യയെ പിന്തുണക്കാമെന്ന് ആര്‍.ജെ.ഡി നേരത്തെ പറഞ്ഞിരുന്നങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു. ഇടതുപാര്‍ട്ടികളായ സി.പി.എമ്മിനും സി.പി.ഐയ്ക്കും ആര്‍.ജെ.ഡി നേതൃത്വത്തലുള്ള മഹാസഖ്യം ഒരു സീറ്റ് പോലും നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ഇടത് സ്ഥാനാര്‍്ത്ഥിയായി കനയ്യയെ സി.പി.ഐ പ്രഖ്യാപിച്ചത്.
സി.പി.ഐയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ബെഗുസാരായി നേരത്തെ സി.പി.ഐ ജയിച്ചിട്ടുള്ള മണ്ഡലം കൂടിയാണ്. ബിഹാറിലെ ലെനിന്‍ഗ്രാഡ് എന്നാണ് ബെഗുസാരായി അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞ തവണ വിജയിച്ച സീറ്റ് നിലനിര്‍ത്താന്‍ കനയ്യയുടെ അതേ സമുദായക്കാരനായ ഗിരിരാജ് സിങിനെ രംഗത്തിറക്കാനാണ് ബി.ജെ.പി തീരുമാനിച്ചത്. ഭൂമിഹാര്‍ വിഭാഗക്കാരാണ് രണ്ടുപേരും. ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലത്തില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് ആര്‍.ജെ.ഡി തീരുമാനിച്ചിരിക്കുന്നത്.