national news
'ഗോഡ്‌സെ ഇന്ത്യയുടെ സല്‍പ്പുത്രനെങ്കില്‍, വീരപ്പനും ദാവൂദ് ഇബ്രാഹിമും മല്യയും അങ്ങനെ തന്നെ; കേന്ദ്രമന്ത്രിക്കെതിരെ പ്രതിപക്ഷ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 10, 10:26 am
Saturday, 10th June 2023, 3:56 pm

ന്യൂദല്‍ഹി: ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ ഇന്ത്യയുടെ സല്‍പ്പുത്രനെന്ന് വിളിച്ച കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ഗോഡ്സെ രാജ്യത്തിന് നാണക്കേടാണെന്നും ഭാരതീയ ജനതാ പാര്‍ട്ടിക്ക് മാത്രമേ അദ്ദേഹത്തെ ആരാധിക്കാന്‍ കഴിയൂവെന്നും ജെ.ഡി.യു നേതാവ് നീരജ് കുമാര്‍ പറഞ്ഞു.

‘കേന്ദ്രമന്ത്രിക്ക് ഗോഡ്‌സെയെ അങ്ങനെ വിളിക്കാമെങ്കില്‍, വീരപ്പനെപ്പോലുള്ള കൊള്ളക്കാരേയും, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, സാമ്പത്തിക കുറ്റവാളി വിജയ് മല്യ എന്നിവരെയും അങ്ങനെ വിളിക്കാം. ഗോഡ്സെ രാജ്യത്തിന് നാണക്കേടാണ്.

ഗോഡ്സെയെപ്പോലൊരു വ്യക്തി ഭാരത മാതാവിന്റെ മകനാണെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍, ചമ്പല്‍, ദാവൂദ്, വീരപ്പന്‍, മല്യ തുടങ്ങിയ കൊള്ളക്കാരും ഭാരതമാതാവിന്റെ മക്കളാണ്. ഭാരതീയ ജനതാ പാര്‍ട്ടിക്ക് മാത്രമേ അദ്ദേഹത്തെ ആരാധിക്കാന്‍ കഴിയൂ.

ഗോഡ്സെ, വീരപ്പന്‍, ദാവൂദ്, മല്യ എന്നിവര്‍ ബി.ജെ.പിയുടെ പ്രിയപ്പെട്ടവരാകും. എന്നാല്‍ ഇന്ത്യയുടെ യോഗ്യരായ പുത്രന്മാര്‍ ഭഗത് സിങ്, അഷ്ഫഖുള്ള ഖാന്‍, രാം പ്രസാദ് ബിസ്മില്‍, പ്രഫുല്ല ചാക്കി തുടങ്ങിയ വിപ്ലവകാരികളാണ്,’ കുമാര്‍ പറഞ്ഞു.

വെള്ളിയാഴ്ച ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖല സന്ദര്‍ശിക്കവെയാണ് കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തിരാജ് വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് ഗോഡ്സെയെ ഇന്ത്യയുടെ സല്‍പ്പുത്രനെന്ന് വിശേഷിപ്പിച്ചത്.

‘ഗാന്ധിയുടെ ഘാതകന്‍ ഇന്ത്യയിലാണ് ജനിച്ചത്. മുഗള്‍ ഭരണാധികാരികളായ ബാബറിനെയും ഔറംഗസേബിനെയും പോലെ ഒരു അധിനിവേശക്കാരനല്ല.

ഗോഡ്സെ ഗാന്ധിയുടെ ഘാതകനാണെങ്കില്‍, അയാളും ഇന്ത്യയുടെ സല്‍പ്പുത്രനായിരുന്നു. ഇന്ത്യയിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹം ബാബറിനെയും ഔറംഗസേബിനെയും പോലെ ഒരു അധിനിവേശക്കാരന്‍ ആയിരുന്നില്ല,’ ബി.ജെ.പി നേതാവ് പറഞ്ഞു.

മഹാത്മാ ഗാന്ധിയെ അവഹേളിക്കുന്നതാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ പരാമര്‍ശങ്ങളെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുക വഴി രാഷ്ട്രപിതാവിനെയാണ് ഗിരിരാജ് സിങ് അവഹേളിച്ചത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദിയാണ് ഗോഡ്‌സെ. രാഷ്ട്രപിതാവിനെയാണ് അയാള്‍ കൊലപ്പെടുത്തിയത്. ഗാന്ധിയുടെ കൊലപാതകത്തിന്റെ രക്തക്കറ അദ്ദേഹത്തിന്റെ കൈകളിലുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് വിമര്‍ശിച്ചു.

Content Highlights: giriraj singh praise godse as india’s son, huge protest over the comment