| Thursday, 19th April 2012, 2:01 pm

ഗാന്ധിജിയുടെ രക്തം പുരണ്ട മണ്ണ് ലേലം ചെയ്തതില്‍ പ്രതിഷേധിച്ച് പത്മശ്രീ തിരിച്ചു നല്‍കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാണ്‍പുര്‍: മഹാത്മാഗാന്ധിയുടെ സ്മരണ നിലനില്‍ക്കുന്ന വസ്തുക്കള്‍ ലേലം ചെയ്ത് വില്‍പ്പന നടത്തിയതില്‍ പ്രതിഷേധിച്ച് പ്രമുഖ ഗാന്ധിയന്‍ എഴുത്തുകാരന്‍ ഗിരിരാജ് കിഷോര്‍ തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ തീരുമാനിച്ചു. പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹം രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് കത്തയച്ചു.

സബര്‍മ്മതിയില്‍ വെടിയേറ്റ് വീണ ഗാന്ധിജിയുടെ രക്തം പുരണ്ട മണ്ണ് 10,000 പൗണ്ടിന് ലണ്ടനില്‍ ലേലത്തിന് പോയതിന് തൊട്ടുപിന്നാലെയാണ് ഗിരിരാജ് കിഷോര്‍ തന്റെ പുരസ്‌കാരം തിരിച്ചുനല്‍കാന്‍ തീരുമാനിച്ചത്. നേരത്തെ ലേലം നിര്‍ത്തിവെക്കാന്‍ നടപടിയെടുക്കണമെന്ന് കാണിച്ച് നേരത്തെ ഗിരാരാജ് പ്രധാനമന്ത്രി മന്‍മോഹനും പ്രസിഡന്റ് പ്രതിഭാ പാട്ടീലിനും കത്തയച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം അണ്ണാ ഹസാരെയെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ലേലം തടയാന്‍ ഇന്ത്യന്‍ സര്‍ക്കാരിനാവാതിരുന്ന സാഹചര്യത്തില്‍ പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കുകയാണെന്ന് കിഷോര്‍ വ്യക്തമാക്കി.

സാഹിത്യത്തിലെയും വിദ്യാഭ്യാസമേഖലയിലെയും സംഭാവനകള്‍ പരിഗണിച്ച് 2007ലാണ് കിഷോറിന് പുരസ്‌കാരം ലഭിച്ചത്. രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ അദ്ദേഹം കത്തില്‍ അനുമതിയും തേടിയിട്ടുണ്ട്. ഗവര്‍ണര്‍ ബി എല്‍ ജോഷിക്കും ഇക്കാര്യം അറിയിച്ചുകൊണ്ട് കത്തെഴുതിയിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്നു കാണിച്ച് ഗവര്‍ണറുടെ ഓഫിസ് മറുപടി നല്‍കി.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more