ഈ വർഷം ബോക്സ് ഓഫീസിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി വമ്പൻ വിജയമായ ചിത്രമാണ് പ്രേമലു. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ ഇറങ്ങിയ റോം കോം ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമായ ഒന്നാണ്. ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ, ദിലീഷ് പോത്തൻ എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്.
നസ്‌ലെൻ, മമിത ബൈജു, മാത്യു തോമസ്, ശ്യാം മോഹൻ തുടങ്ങി യുവതാരങ്ങൾ അണിനിരന്ന ചിത്രം തെലുങ്കിലും തമിഴിലുമെല്ലാം ഒരുപോലെ സ്വീകരിക്കപ്പെട്ടു. സംവിധായകൻ രാജമൗലിയടക്കമുള്ള പ്രമുഖർ സിനിമയെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു. നൂറ് കോടിയും കടന്ന് സിനിമ വമ്പൻ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുമെന്ന വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
സൂപ്പർ ശരണ്യയുടെ തെലുങ്ക് റീമേക്കായി പ്ലാൻ ചെയ്ത സിനിമയാണ് പിന്നീട് പ്രേമലുവായി മാറിയതെന്ന് ഗിരീഷ് എ.ഡി പറയുന്നു. പിന്നീട് അതിന് പകരം സൂപ്പർ ശരണ്യയിലെ സോന എന്ന കഥാപാത്രത്തിന്റെ സ്പിൻ ഓഫായും പ്രേമലുവിനെ പ്ലാൻ ചെയ്തിരുന്നുവെന്നും ഗിരീഷ് എ.ഡി പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സൂപ്പർ ശരണ്യയുടെ തെലുങ്ക് റീമേക്ക് എന്ന രീതിയിലാണ് ആദ്യം തുടങ്ങിയത്. പിന്നെ, അതുപേക്ഷിച്ച് സൂപ്പർ ശരണ്യയിലെ സോനയുടെ സ്‌പിൻ ഓഫ് എന്ന രീതിയിലാലോചിച്ചു. സോന ഹൈദരാബാദിൽ വരുന്നതും അവിടെ സംഭവിക്കുന്ന പ്രണയവുമായിരുന്നു ആലോചിച്ചത്. പിന്നീടത് വേണ്ടെന്നുവെച്ചു. ഒടുവിലാണ് ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് കഥയെത്തിയത്.
ഹൈദരബാദ് ആദ്യമേ മനസിലുണ്ട്. സൂപ്പർ ശരണ്യയുടെ സമയത്താണ് ശ്യാം പുഷ്കരനെ പരിചയപ്പെടുന്നത്. പിന്നീട് ഐ ആം കാതലൻ ചെയ്തപ്പോൾ ദിലീഷേട്ടൻ അതിലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. എന്തെങ്കിലും സബ്ജെക്റ്റ് ഉണ്ടെങ്കിൽ പറയാൻ അദ്ദേഹവും പറഞ്ഞു.