Advertisement
Film News
ഹൃദയത്തെ പ്രേമലുവില്‍ മനഃപൂര്‍വം ഉള്‍പ്പെടുത്തിയതല്ല; കഴിഞ്ഞ ദിവസം വിനീതേട്ടന്‍ വിളിച്ചു: ഗിരീഷ് എ.ഡി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 14, 09:06 am
Wednesday, 14th February 2024, 2:36 pm

ഫെബ്രുവരി ഒമ്പതിന് തിയേറ്ററിലെത്തി മികച്ച അഭിപ്രായങ്ങള്‍ നേടിക്കൊണ്ടിരിക്കുന്ന റൊമാന്റിക് കോമഡി ചിത്രമാണ് പ്രേമലു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയാണ് ഇത്.

ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള പ്രണയകഥയാണ് പ്രേമലു പറയുന്നത്. ചിത്രത്തില്‍ നസ്ലെന്‍, മമിത ബൈജു, ശ്യാം മോഹന്‍, സംഗീത് പ്രതാപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളേജിലെ സീന്‍ കാണിച്ചു കൊണ്ടായിരുന്നു സിനിമ ആരംഭിച്ചത്. ആ സീനുകളില്‍ വിനീത് ശ്രീനിവാസന്റെ ഹൃദയം സിനിമയുടെ പല കാര്യങ്ങളും പ്രേമലുവിലും ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു സീക്രട്ട് ആലി.

നായികയെ നായകന്‍ തന്റെ സാറിന്റെ കല്യാണത്തിന് കാണുന്നത് മുതല്‍ കണ്ണില്‍ നോക്കിയാല്‍ അവള്‍ സിംഗിളാണോ എന്നറിയാം എന്ന് പറയുന്ന ഡയലോഗ് പോലും ഹൃദയം സിനിമയോട് സാമ്യമുള്ളതായിരുന്നു. ഇപ്പോള്‍ ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഗിരീഷ് എ.ഡി.

ഹൃദയത്തിലെ സ്പൂഫ് പ്രേമലുവില്‍ ഉപയോഗിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണമെന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘അത് സിനിമയിലെ സിറ്റുവേഷനുകള്‍ക്ക് യോജിച്ച് വന്നപ്പോള്‍ ഉപയോഗിച്ചുവെന്നേയുള്ളു. ഹൃദയത്തില്‍ തമിഴ് നാട്ടിലെ ഒരു കോളേജാണ്. ഇതിലും തമിഴ് നാടാണ്. അപ്പോള്‍ വന്ന ഐഡിയയില്‍ നിന്നാണ് അത് എടുത്തത്.

അല്ലാതെ ഹൃദയത്തെ മനഃപൂര്‍വം ഉള്‍പ്പെടുത്തിയതല്ല. വിനീതേട്ടന്‍ കഴിഞ്ഞ ദിവസം എന്നെ വിളിച്ചിരുന്നു. പടം കണ്ടിട്ടില്ല ഹൃദയത്തിന്റെ കാര്യങ്ങളുണ്ടെന്ന് പറഞ്ഞ് പുള്ളി കുറെ ചിരിക്കുകയൊക്കെ ചെയ്തു.

അതുപോലെ റീനുവിനെ കല്യാണ വീട്ടില്‍ വെച്ച് കാണുന്നത് ഹൃദയത്തില്‍ ഉള്ളതാണ്. സിറ്റുവേഷന്‍സ് ഒക്കെ ഒരുപോലെ വരുമ്പോള്‍ നമുക്ക് ഹൃദയത്തിന്റെ റെഫറെന്‍സുകള്‍ ഓര്‍മ വരും. അങ്ങനെ അതിനെ പാരഡി ചെയ്യാമെന്ന് കരുതി വരുന്നതാണ് അതൊക്കെ,’ ഗിരീഷ് എ.ഡി. പറഞ്ഞു.

Content Highlight: Gireesh AD Talks About Vineeth Sreenivasan’s Call