| Thursday, 15th February 2024, 10:09 am

എന്റെ പാറ്റേണ്‍ ബ്രേക്ക് ചെയ്യേണ്ടത് കേരളത്തിന്റെ ആവശ്യമൊന്നുമല്ല: ഗിരീഷ് എ.ഡി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു. നസ്‌ലെനും മമിതാ ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഹൈദരാബാദ് ആസ്പദമാക്കിയുള്ള കഥയാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. യുവാക്കളുടെ പ്രണയമാണ് മൂന്ന് സിനിമകളുടെയും കഥ.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമകളുടെ പാറ്റേണ്‍ ബ്രേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകന്‍ പറഞ്ഞു. എല്ലാ സിനിമയും ഒരേ പാറ്റേണില്‍ ചെയ്യുമ്പേള്‍ ആളുകള്‍ വിമര്‍ശിക്കില്ലേയെന്നും, എപ്പോഴെങ്കിലും പാറ്റേണ്‍ ബ്രേക്ക് ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് സംവിധായകന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘എന്റെ സിനിമ കണക്ട് ആയില്ലെന്ന് ചിലര്‍ പറയും. അവര്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ ഞാന്‍ കാണുമ്പോള്‍ ചിലത് കണക്ടാവും, ചിലപ്പോള്‍ എനിക്ക് കണക്ടായില്ലെന്നും വരാം. അപ്പോള്‍ നമ്മള്‍ വിചാരിക്കും നമുക്ക് എന്തോ പ്രശ്‌നമുള്ളത് കൊണ്ടാവും ഇങ്ങനെ എന്ന്. പക്ഷേ അങ്ങനെ നമ്മള്‍ നമ്മളെത്തന്നെ താഴ്ത്തിക്കെട്ടേണ്ട കാര്യമില്ല. നമുക്ക് ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമായില്ല, അത്രേയുള്ളൂ. കണ്‍ഫ്യൂസ്ഡ് ആവേണ്ട കാര്യമില്ല.

പിന്നീടാണ് എന്റെ ടേസ്റ്റ് എന്താണെന്ന് എനിക്ക് മനസിലായത്. എല്ലാതരത്തിലുള്ള സിനിമകളും ഞാന്‍ കാണും. ഇടിപ്പടമാണെങ്കില്‍ എനിക്ക് ആ ഴോണറില്‍ ഇഷ്ടമുളള സിനിമയുണ്ടാകും, സൈ-ഫൈ ആണെങ്കില്‍ ആ ഴോണറിലുള്ള ഇഷ്ടപ്പെട്ട സിനിമകള്‍ ഉണ്ടാവും. അങ്ങനെ നമുക്ക് ഇഷ്ടമുള്ള ഒരു സോണിലെ സിനിമകള്‍ കാണാനാണല്ലോ ഇഷ്ടം. അങ്ങനെയുള്ള സിനിമകളാണ് ഞാന്‍ ചെയ്യുന്നത്.

നല്ല സിനിമ ചെയ്തൂടെ എന്ന് ചോദിക്കുമ്പോള്‍ ആദ്യം ഒരു മോശം സിനിമ എടുക്കാന്‍ പറ്റുമോന്ന് നോക്കട്ടെ, എന്നിട്ട് നല്ല സിനിമ ചെയ്യാം എന്നേ ഞാന്‍ പറയൂ. അത് മാത്രമല്ല, അത്ര വലിയ സംവിധായകനുമല്ല ഞാന്‍. ആകെ രണ്ട് സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. എന്റെ പേര് കണ്ട് സിനിമക്ക് കേറുന്നവര്‍ ഉണ്ടാവില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് എന്റെ പാറ്റേണ്‍ ബ്രേക്ക് ചെയ്യേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് തോന്നുന്നില്ല.

Content Highlight: Gireesh AD explains that he don’t want to break his pattern

We use cookies to give you the best possible experience. Learn more