സ്വിച്ചിങ് അല്ല മിസ്റ്റേക്ക് പറ്റിയതാണ്, പ്രേമലുവിലെ മിസ്റ്റേക്ക് ചൂണ്ടിക്കാട്ടിയ ഫേസ്ബുക്ക് പോസ്റ്റില്‍ മറുപടിയുമായി ഗിരീഷ് എ.ഡി
Entertainment
സ്വിച്ചിങ് അല്ല മിസ്റ്റേക്ക് പറ്റിയതാണ്, പ്രേമലുവിലെ മിസ്റ്റേക്ക് ചൂണ്ടിക്കാട്ടിയ ഫേസ്ബുക്ക് പോസ്റ്റില്‍ മറുപടിയുമായി ഗിരീഷ് എ.ഡി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th March 2024, 9:09 am

റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു. ഏറെക്കാലത്തിന് ശേഷം മലയാളത്തിലെത്തിയ പെര്‍ഫക്ട് റേം കോം എന്റര്‍ടൈനറാണ് പ്രേമലു. നസ്‌ലെന്‍ മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഹൈദരാബാദിനെ ചുറ്റിപ്പറ്റിയുള്ള പ്രണയകഥയാണ് പറയുന്നത്. ബോക്‌സ് ഓഫീസില്‍ ഇതിനോടകം തന്നെ 80 കോടിയോളം കളക്ട് ചെയ്ത ചിത്രം ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി.

വിഷ്ണു വിജയ് അണിയിച്ചൊരുക്കിയ ഗാനങ്ങളും ശ്രദ്ധേയമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു മിസ്‌റ്റേക്ക് ഫേസ്ബുക്കില്‍ ഒരാള്‍ ചൂണ്ടിക്കാണിക്കുകയും അത് അംഗീകരിച്ചുകൊണ്ട് സംവിധായകന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. മലയാള സിനിമകളിലെ മിസ്‌റ്റേക്കുകള്‍ ചൂണ്ടിക്കാണിക്കുന്ന ഷിറ്റിയര്‍ മലയാളം മൂവി ഡീറ്റെയില്‍സ് എന്ന ഗ്രൂപ്പില്‍ വന്ന പോസ്റ്റിനാണ് സംവിധായകന്‍ കമന്റിട്ടത്.

പ്രേമലുവിലെ മിനി മഹാറാണി എന്ന പാട്ടിലെ മിസ്റ്റേക്കാണ് ചൂണ്ടിക്കാണിച്ചത്. പാട്ടിലെ ഒരു സീനില്‍ ആദ്യം മമിതയുടെ കഥാപാത്രമായ റീനു വണ്ടിയോടിക്കുന്നതായും തൊട്ടടുത്ത ഷോട്ടില്‍ നസ്‌ലെന്‍ അവതരിപ്പിക്കുന്ന സച്ചിന്‍ വണ്ടിയോടിക്കുന്നതുമായാണ് കാണിക്കുന്നത്. അടുത്ത ഷോട്ടില്‍ വീണ്ടും അത് മാറുന്നുണ്ട് എന്നാണ് പോസ്റ്റിട്ട വ്യക്തി പറഞ്ഞത്. എന്നാല്‍ അത് സീന്‍ സ്വിച്ചിങ് ആണെന്നും, യാത്രയിലെ പല ഘട്ടങ്ങള്‍ കാണിച്ചതാണെന്നും പറഞ്ഞ് നിരവധിപ്പേര്‍ കമന്റ് ചെയ്തു.

എന്നാല്‍ ഒടുവില്‍ മിസ്റ്റേക്ക് പറ്റിയതാണെന്ന് സമ്മതിച്ചുകൊണ്ട് സംവിധായകന്‍ ഗിരീഷ് എ.ഡി കമന്റ് ചെയ്തു. ‘സത്യത്തില്‍ ഇതൊരു കണ്ടിന്യൂവിറ്റി മിസ്റ്റേക്കാണ്. ആ ഷോട്ട് ഇടാതെ വേറെ വഴിയില്ലായിരുന്നു’ എന്നാണ് ഗിരീഷ് കമന്റ് ചെയ്തത്. പറ്റിയ തെറ്റ് അംഗീകരിക്കാന്‍ ഗിരീഷ് കാണിച്ച ധൈര്യത്തെ നിരവധിപ്പേര്‍ അഭിനന്ദിച്ചു.

Content Highlight: Gireesh AD admits the mistake in Premalu song noticed in Facebook group