Film News
സംഗീതിന്റെ കാര്യത്തിൽ ടെൻഷൻ ഉണ്ടായിരുന്നു: ഗിരീഷ് എ.ഡി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 20, 04:51 pm
Tuesday, 20th February 2024, 10:21 pm

സംഗീതിനെ പ്രേമലുവിന്റെ മുൻപേ തനിക്ക് അറിയാമായിരുന്നെന്ന് ഗിരീഷ് എ.ഡി. തണ്ണീർമത്തൻ ദിനങ്ങൾ മുതൽ തനിക്ക് അറിയാമെന്നും ചിത്രത്തിലെ സ്പോട്ട് എഡിറ്റർ സംഗീത് ആയിരുന്നെന്നും ഗിരീഷ് പറഞ്ഞു. അതുകൊണ്ട് സംഗീത് എപ്പോഴും തന്റെ കൂടെ ഉണ്ടാവുമെന്നും ഗിരീഷ് കൂട്ടിച്ചേർത്തു. താൻ സെറ്റിൽ ഏറ്റവും കൂടുതൽ സംവദിക്കുക സ്പോട്ട് എഡിറ്ററോടും ക്യാമറ മനോടുമാണെന്ന് ഗിരീഷ് പറഞ്ഞു. സംഗീതിന്റെ മാനറിസങ്ങളും കാര്യങ്ങളുമെല്ലാം കണ്ടപ്പോൾ ആക്ടിങ് പറ്റുമെന്ന് തോന്നിയിരുന്നെന്നും ഗിരീഷ് ഡൂൾന്യൂസിനോട് പറഞ്ഞു.

‘സംഗീതിനെ എനിക്ക് മുൻപേ അറിയാമായിരുന്നു. തണ്ണീർമത്തന്റെ സമയം അറിയാം. എഡിറ്റർ ഷമീർ മുഹമ്മദിന്റെ അസ്സോസിയേറ്റ് ആയിരുന്നു സംഗീത്. തണ്ണീർമത്തനിലെ സ്പോട് എഡിറ്റർ ആയിരുന്നു. അതുകൊണ്ട് സംഗീത് എപ്പോഴും എന്റെ കൂടെ ഉണ്ടാകും. സ്പോട് എഡിറ്റർ എപ്പോഴും ഡയറക്ടറുടെ കൂടെ ഇരിക്കും.

എന്റെ സെറ്റിൽ ഞാനും സ്പോട് എഡിറ്ററും ആയിരിക്കും ഏറ്റവും കൂടുതൽ സംവദിക്കുക. അതുപോലെ ക്യാമറമാനോടും. അന്ന് തുടങ്ങി സംഗീതിനെ അറിയാം. അവന്റെ മാനറിസങ്ങളും കാര്യങ്ങളുമെല്ലാം കണ്ടപ്പോൾ ആക്ടിങ് പറ്റുമെന്ന് തോന്നിയിരുന്നു. പിന്നെ സൂപ്പർ ശരണ്യയിൽ ചെറിയ റോൾ ചെയ്തു. ഹൃദയത്തിൽ ചെയ്തിട്ടുണ്ട്. പ്രേമലുവിലേത് മുഴുനീള കഥാപാത്രമാണ്. ചെറിയ റോളുകളാണ് അവൻ ചെയ്തിട്ടുള്ളത്. ഓഡിഷൻ ചെയ്തപ്പോൾ കോൺഫിഡൻസ് ആയി,’ ഗിരീഷ് എ.ഡി. പറഞ്ഞു.

മമിതയും നസ്‌ലനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്യാം മോഹന് പുറമെ അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സച്ചിൻ എന്ന കഥാപാത്രമായി നസ്‌ലെനും റീനു എന്ന കഥാപാത്രമായി മമിതയുമാണ് അവതരിപ്പിക്കുന്നത്. അമൽ ഡേവിസ് എന്ന കഥാപാത്രത്തെ സംഗീത് പ്രതാപും കാർത്തികയായി അഖില ഭാർഗവനുമാണ് അഭിനയിക്കുന്നത്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയാണ് പ്രേമലു. മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിച്ചു.

ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം

Content Highlight: Gireesh Ad about sangeeth prathap