| Thursday, 7th March 2024, 5:39 pm

അങ്കിള്‍, അങ്കിള്‍ അത് കഴിക്കണ്ട അപ്പിയാ!!; കഥാപാത്രത്തിന്റെ ക്ലാസിനനുസരിച്ച് മാറുന്ന പ്രേമലുവിലെ ഡയലോഗും സീനും; ഗിരീഷ് എ.ഡി പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമകളിലെ സപ്പോര്‍ട്ടിങ് കഥാപാത്രങ്ങളെ കുറിച്ചും കഥാപാത്രങ്ങളില്‍ കൊണ്ടുവരുന്ന ക്ലാസ് വ്യത്യാസങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ഗിരീഷ് എ.ഡി. തന്റെ ഏറ്റവും പുതിയ ചിത്രമായ പ്രേമലുവില്‍ പോലും ആ ക്ലാസ് വ്യത്യാസം കാണാമെന്നും അത് ബോധപൂര്‍വം തന്നെ ചെയ്യുന്നതാണെന്നും ഗിരീഷ് പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗിരീഷ്.

നായകന്റെ തോഴന്‍മാര്‍ പലപ്പോഴും നായകന്‍മാരോളം ബുദ്ധിയുള്ളവരോ മിടുക്കുള്ളവരോ ആയിരിക്കില്ല. ഇവരേക്കാള്‍ താഴ്ന്ന ആളുകളായിരിക്കും. നായികയുടെ തോഴിമാരും എന്തെങ്കിലും സഹായിയായിട്ടൊക്കെയാണ് വരുക. അവരുടെ കോസ്റ്റ്യൂമുകളിലും മാനറിസത്തിലുമൊക്കെ ആ മാറ്റം കാണാം. എന്നാല്‍ പ്രേമലുവില്‍ സംഗീത് ചെയ്ത അമല്‍ ഡേവിസ് എന്ന കഥാപാത്രമാണ് പലപ്പോഴും നസ്‌ലെന്റെ സച്ചിന്‍ എന്ന കഥാപാത്രത്തെ കറക്ട് ചെയ്യുന്നത്. താങ്കളുടെ മുന്‍ സിനിമകളിലും ഇതേ രീതി കാണാം. ഇത് ബോധപൂര്‍വമാണോ എന്ന മനീഷ് നാരായണന്റെ ചോദ്യത്തിനായിരുന്നു ഗിരീഷ് എ.ഡിയുടെ മറുപടി.

‘നായകന്‍ വന്നിരുന്ന് എന്തെങ്കിലും പറയും. അത് കേട്ട് തലയാട്ടിക്കൊണ്ടിരിക്കുന്ന ശിങ്കിടികള്‍. അങ്ങനെയുള്ള സിനിമകള്‍ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. ചിലര്‍ക്ക് ഒന്നും പറയാനുണ്ടാവില്ല. അപ്പോള്‍ നമ്മള്‍ ചിന്തിക്കാറുണ്ട്. ഇവര്‍ക്ക് ജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലേ.. നായകനൊപ്പം
നടക്കുക എന്നതാണോ ഇവരുടെ ദൗത്യം എന്നൊക്കെ.

നമ്മള്‍ എഴുതുമ്പോള്‍ ആ രീതി വേണ്ടെന്നും സ്മാര്‍ട് ആയിട്ടുള്ള കൂട്ടുകാര്‍ ഉണ്ടെങ്കില്‍ നല്ലതായിരിക്കുമെന്നും തോന്നുമായിരുന്നു. തണ്ണീര്‍മത്തനില്‍ മാത്യുവിന്റെ നായക കഥാപാത്രത്തെ കൗണ്ടറടിച്ചു തോല്‍പ്പിക്കുന്നവരാണ് ചുറ്റുമുള്ളത്. ശരണ്യയില്‍ ഏറ്റവും ഡള്‍ ആയിട്ടുള്ള ആള്‍ ശരണ്യയാണ്. ബാക്കിയുള്ളവര്‍ സമാര്‍ട് ആണ്.

അത്തരത്തില്‍ ഒരു കോണ്‍ട്രാസ്റ്റ് ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. രണ്ടു പേരും ഒരേ ബാക്ക് ഗ്രാണ്ടില്‍ നിന്നും വരുന്നവരും ഒരേ രീതിയിലുള്ള വസ്ത്രം ധരിക്കുന്നവരാണെങ്കിലും അത് അത്ര ഭംഗിയുണ്ടാവില്ല. പ്രേമലുവില്‍ റീനു കുറച്ചുകൂടി ഒരു മോഡേണ്‍ ആണ്. അഖിലയുടെ ക്യാരക്ടര്‍ കുറച്ചുംകൂടി ഒരു നാട്ടിന്‍പുറത്തെ രീതിയില്‍ നിന്നും വന്നവളാണ്. പുള്ളിക്കാരി വന്നിട്ടുള്ളത് അങ്ങനത്തെ ഒരു ഫാമിലിയില്‍ നിന്നായിരിക്കുമെന്ന കണ്‍സെപ്റ്റ് സിനിമയില്‍ കൊണ്ടുവരുന്നുണ്ട്.

അതുകൊണ്ടാണ് ആ കഥാപാത്രത്തിലേക്ക് അഖിലയെ സെലക്ട് ചെയ്തതും. മമിതയ്ക്ക് ഒരു മോഡണ്‍ ലുക്കുണ്ട്. അഖില തനിയൊരു നാടന്‍ പെണ്‍കുട്ടിയായിട്ടാണ് നമ്മള്‍ കണ്ടേക്കുന്നത്. പയ്യന്നൂരിലുള്ള ഒരു സാധാരണ വീട്ടിലുള്ള ഒരു കുട്ടിയാണ്. ബോധപൂര്‍വം അങ്ങനെ പിക്ക് ചെയ്തത് തന്നെയാണ്.

അവര്‍ രണ്ട് പേരും നില്‍ക്കുമ്പോള്‍ രണ്ടും രണ്ട് ആള്‍ക്കാരായിട്ട് തന്നെ തോന്നും. സച്ചിന്റെ ഫാമിലി ബാക്ക് ഗ്രൗണ്ട് കുറച്ച് പിറകില്‍ ആണെങ്കില്‍ അമല്‍ ഡേവിസ് ഇവനേക്കാള്‍ ഫാമിലി വൈസ് റിച്ചാണ്. പഠനത്തിലും മറ്റു കാര്യങ്ങളിലുമൊക്കെ അമല്‍ ഡേവിസ് സച്ചിനേക്കാള്‍ മുകളിലാണ്. സച്ചിന്‍ ലൂസറാണ് എന്ന സാധനം മനപൂര്‍വം കാണിക്കുന്നുണ്ട്.

രണ്ട് പേര്‍ വരുമ്പോള്‍ രണ്ട് പേര്‍ക്കും കോണ്‍ട്രാസ്റ്റ് ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കും. ഡയലോഗ് എഴുതുമ്പോള്‍ പോലും അത് സഹായകരമാകും. ഒരു സാഹചര്യം വരുമ്പോള്‍ എങ്ങനെയായിരിക്കും അവര്‍ അതിനെ കാണുക എന്ന് കൂടി പരിഗണിച്ചാണ് ഡയലോഗ് എഴുന്നത്.
അതിന് വേണ്ടിയിട്ടും കൂടിയാണ് ഇവര്‍ക്ക് ഈ കോണ്‍ട്രാസ്റ്റ് കൊടുക്കുന്നത്,’ ഗിരീഷ് എ.ഡി പറഞ്ഞു.

പ്രേമലുവില്‍ ഇത്തരത്തില്‍ ക്ലാസ് വ്യത്യാസങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ കാണിക്കുന്ന നിരവധി രംഗങ്ങള്‍ കാണാം. റീനുവിന്റെ അച്ഛനോട് മധുരം കഴിക്കരുതെന്ന് ആദിയുടെ കഥാപാത്രം പറയുന്ന ഒരു രംഗമുണ്ട്. മധുരം കഴിച്ചാല്‍ ഡയബറ്റിസ് വരുമെന്നും അത് ആരോഗ്യത്തിന് നല്ലതെന്നും ശാസ്ത്രീയമായി അര്‍ജുന്‍ പറയുമ്പോള്‍ അങ്കിള്‍ അങ്കില്‍ അത് കഴിക്കേണ്ട അത് അപ്പിയാണ് എന്നാണ് സച്ചിന്‍ പറയുന്നത്.

വിലകൂടിയ അപ്പാര്‍ട്‌മെന്റില്‍ റീനു താമസിക്കുമ്പോള്‍ വളരെ മോശമായ ഒരു മുറിയില്‍ തറയിലാണ് സച്ചിന്റെ കഥാപാത്രം കിടക്കുന്നത്. അവിടെ തന്നെ കട്ടിന് മുകളില്‍ കിടക്കാനുള്ള അവസരം കൂടുതല്‍ ലഭിക്കുന്നത് അമല്‍ ഡേവിസിനാണ്. റീനുവും സുഹൃത്തുക്കളും മാജിക് മൊമെന്റ്‌സ് വാങ്ങിക്കുമ്പോള്‍ സച്ചിന്‍ മേടിക്കുന്നത് റം ആണ്. ഇത്തരത്തില്‍ ക്ലാസ് വ്യത്യാസങ്ങള്‍ അഡ്രസ് ചെയ്യുന്ന വേറെയും രംഗങ്ങള്‍ സിനിമയിലുണ്ട്.

Content Highlight: Gireesh AD about Class and Dialogues on Premalu Movie

We use cookies to give you the best possible experience. Learn more