| Sunday, 25th February 2024, 5:39 pm

ഭാവന സ്റ്റുഡിയോസ് പ്രേമലുവിലേക്ക് എത്തിയതിനെക്കുറിച്ച് ഗിരീഷ് എ.ഡി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമലു നിർമിക്കാൻ ഭാവന സ്‌റ്റുഡിയോസിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ഗിരീഷ് എ.ഡി. പ്രേമലുവിന്റെ സ്ക്രിപ്റ്റ് വേറൊരു പ്രൊഡക്ഷന് വേണ്ടി എഴുതിയതാണെന്നും അത് നടക്കാതെ പോയതാണെന്നും ഗിരീഷ് പറഞ്ഞു. ഭാവന സ്റ്റുഡിയോസ് ഇങ്ങനെയൊരു സ്ക്രിപ്റ്റ് ചെയ്യുമെന്ന് അറിയില്ലായിരുന്നെന്നും ഗിരീഷ് പറയുന്നുണ്ട്. ഒരിക്കൽ ദിലീഷ് പോത്തനെ കണ്ടപ്പോൾ സ്ക്രിപ്റ്റ് ഉണ്ടോയെന്ന് ചോദിച്ചെന്നും അപ്പോഴാണ് പ്രേമലുവിനെക്കുറിച്ച് സംസാരിച്ചതെന്നും ഗിരീഷ് കൂട്ടിച്ചേർത്തു. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശരിക്കും പ്രേമലുവിന്റെ സ്ക്രിപ്റ്റ് വേറൊരു പ്രൊഡക്ഷന് വേണ്ടി എഴുതിയതാണ്. അത് നടക്കാതെ പോയി. ഒരിക്കൽ ദിലീഷ് ഏട്ടനെ കണ്ടപ്പോൾ ഏതെങ്കിലും സ്ക്രിപ്റ്റ് ഉണ്ടോയെന്ന് ചോദിച്ചിരുന്നു. ഇങ്ങനെയൊരു സ്ക്രിപ്റ്റ് ഉണ്ടെന്ന് പറഞ്ഞു. പക്ഷെ ഇത് ഭാവന സ്റ്റുഡിയോസ് ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഞാൻ ആദ്യമേ സമീപിക്കാതിരുന്നത്.

പ്രേമലുവിന്റെ കഥ പറഞ്ഞപ്പോൾ തന്നെ അവർക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ദിലീഷേട്ടൻ ഇതിന്റെ ഭാഗമാകുന്നത്. ഫഹദ് ഇങ്ങനെയുള്ള ഡിസ്കഷൻ പരിപാടിയിൽ ഒന്നും ഉണ്ടാവാറില്ല. എല്ലാം പോത്തേട്ടനും ശ്യാമേട്ടനുമാണ് ചെയ്യുക. അന്നൗൺസിങ്ങിന്റെ സമയത്ത് മാത്രമാണ് ആളെ നേരിട്ട് കണ്ടിട്ടുള്ളു. ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളു,’ ഗിരീഷ് എ.ഡി. പറഞ്ഞു.

നസ്‌ലെന്‍ മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയാണ് പ്രേമലു. ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ് ചിത്രം. നിറഞ്ഞ സദസുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന പ്രേമലു ബോക്‌സ് ഓഫീസില്‍ പുതിയൊരു റെക്കോഡ് കൂടി നേടിയിരിക്കുകയാണ്. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോള്‍ വേള്‍ഡ് വൈഡായി 50 കോടി കളക്ഷന്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയാണ് പ്രേമലു. മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിച്ചു.

Content Highlight: Gireesh ad about Bhavana studios

We use cookies to give you the best possible experience. Learn more