മൂന്ന് സിനിമയിലൂടെ തന്റേതായൊരിടം മലയാള സിനിമയിൽ സൃഷ്‌ടിച്ച സംവിധായകനാണ് ഗിരീഷ് എ.ഡി. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ കോമഡി ഴോണറിലുള്ള സിനിമകളാണ് ഗിരീഷ് സമ്മാനിച്ചിട്ടുള്ളത്. തന്റെ പുതിയ സിനിമയായ പ്രേമലുവിന്റെ വിശേഷങ്ങൾ ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് അദ്ദേഹം.
സ്ക്രിപ്റ്റിലെ ഡയലോഗുകളുടെ കാര്യത്തിൽ ആർട്ടിസ്റ്റുകളുടെ ഭാഗത്ത് നിന്ന് സജഷൻ വരാറുണ്ടോ എന്ന ചോദ്യത്തിന് ഭൂരിഭാഗവും സ്ക്രിപ്റ്റിൽ ഉണ്ടാവുന്നതെന്നായിരുന്നു ഗിരീഷ് എ.ഡിയുടെ മറുപടി. ഡയലോഗ് ഇല്ലാതെ സിറ്റുവേഷൻ മാത്രം കൊടുത്തിട്ട് ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കി അത് ഷൂട്ട് ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് ഗിരീഷ് പറഞ്ഞു. പ്രേമലുവിൽ സുബിൻ എന്ന കഥാപാത്രം ചെയ്ത ഷമീർ ഖാനോട് സ്ക്രിപ്റ്റ് കൊടുത്തിട്ട് അഡിഷണൽ ആഡ് ചെയ്യാൻ പറയുമെന്നും ഗിരീഷ് കൂട്ടിച്ചേർത്തു. സുബിന്റെ ചില ഡയലോഗൊന്നും സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ലെന്നും ഗിരീഷ് ഡൂൾന്യൂസിനോട് പറഞ്ഞു.
‘ഭൂരിഭാഗവും സ്ക്രിപ്റ്റിൽ ഉണ്ടാവുന്നതാണ്. സ്ക്രിപ്റ്റ് നമ്മൾ അങ്ങനെത്തന്നെയാണ് എഴുതാറുള്ളത്. ഡയലോഗ് ഇല്ലാതെ സിറ്റുവേഷൻ മാത്രം കൊടുത്തിട്ട് ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കി അത് ഷൂട്ട് ചെയ്യുന്നത് എനിക്ക് നടക്കില്ല. നമുക്ക് എന്തായാലും കംപ്ലീറ്റ് ഡയലോഗുകൾ ഉണ്ടാകും.
പിന്നെ എന്തെങ്കിലും ഷൂട്ട് ചെയ്യുമ്പോൾ അത് മാറും. എല്ലാം സ്ക്രിപ്റ്റഡ് ആയിരിക്കും. സ്ക്രിപ്റ്റഡ് ആയതുകൊണ്ടാണ് അത് ഒരു ഫ്ലോയിൽ എടുക്കാൻ പറ്റുന്നത്. അല്ലെങ്കിൽ നമ്മൾ കൺഫ്യൂസ്ഡ് ആയിപ്പോകും.. വലിയ സീനാണെകിലും ചെറുതാണെങ്കിലും സ്ക്രിപ്പ്റ്റഡ് അല്ലാതെ എനിക്കൊരിക്കലും പറ്റില്ല.
പ്രേമലുവിൽ ഷമീർ ഖാൻ എന്നയാളാണ് സുബിൻ എന്ന കഥാപാത്രം ചെയ്തത്. സുബിൻ കണ്ടെന്റ് ക്രീയേറ്ററാണ്. അവന്റെ അടുത്തെല്ലാം നമ്മൾ സ്ക്രിപ്റ്റ് കൊടുത്തിട്ട് ഇതാണ് സംഭവം, നിനക്ക് അഡിഷണൽ ആഡ് ചെയ്യാൻ പറ്റുമെങ്കിൽ കൂട്ടിച്ചേർത്തോ എന്ന് പറയും. അവൻ പറയുന്നതാണ് ‘അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ബഹുമാനിക്കണമെന്നില്ല, അത് കരുതി എനിക്ക് അച്ഛന്റെ പ്രായമുണ്ടെന്നല്ല’ എന്നുള്ള ഡയലോഗൊക്കെ അവൻ ആഡ് ചെയ്യുന്നതാണ്. അതൊന്നും സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല.
അതുപോലെ നസ്‌ലെൻ ആണെങ്കിലും ബാക്കിയുള്ളവരൊക്കെയാണെങ്കിലും ഡയലോഗ് ഡെലിവർ ചെയ്യുമ്പോൾ ചിലപ്പോൾ എക്സ്ട്രാ ഒരു സാധനം ഉണ്ടാകും. അത് നല്ലതാണെങ്കിൽ കൊള്ളാം, അടുത്ത ടേക്കിൽ അതുംകൂടെ ഇട്ടോ എന്ന് പറയും,’ ഗിരീഷ് എ.ഡി. പറഞ്ഞു.