| Friday, 16th February 2024, 12:00 pm

ആ ചിത്രത്തിൽ നസ്‌ലെൻ ഇല്ലായിരുന്നു; മറ്റൊരു നടനെ കാസ്റ്റ് ചെയ്തിരുന്നു: ഗിരീഷ് എ.ഡി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ മൂന്ന് ചിത്രങ്ങളിലും നസ്‌ലെനെ അഭിനയിപ്പിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി. തണ്ണീർമത്തൻ ദിനങ്ങളിൽ ഓഡിഷൻ നടത്തി അതിൽ നിന്ന് കൊള്ളാവുന്ന പിള്ളേരെ എടുത്തതാണെന്നും സൂപ്പർ ശരണ്യയിൽ ഒരു ക്യാരക്ടർ വന്നപ്പോൾ നസ്‌ലെനെ വിളിക്കുകയായിരുന്നെന്നും ഗിരീഷ് പറഞ്ഞു. എന്നാൽ സൂപ്പർ ശരണ്യയിൽ ആദ്യ സ്റ്റേജിൽ നസ്‌ലെൻ ഇല്ലായിരുന്നെന്നും ആ റോൾ സംഗീതിനെ കൊണ്ട് ചെയ്യിപ്പിക്കാൻ കരുതിയിരുന്നെന്നും ഗിരീഷ് കൂട്ടിച്ചേർത്തു. ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തണ്ണീർമത്തൻ ദിനങ്ങളിൽ ഓഡിഷൻ നടത്തി അതിൽ നിന്ന് കൊള്ളാവുന്ന പിള്ളേരെ എടുത്തതാണ്. അന്ന് നസ്‌ലലെൻ എന്ന ഒരാളെ അറിയില്ലല്ലോ. ആദ്യമായിട്ട് അഭിനയിക്കുകയാണല്ലോ. രണ്ടാമത്തെ പടത്തിൽ ഒരു ക്യാരക്ടർ വന്നപ്പോൾ നസ്‌ലെനെ വിളിക്കുകയായിരുന്നു. സൂപ്പർ ശരണ്യയിൽ ആദ്യ സ്റ്റേജിൽ നസ്‌ലെൻ ശരിക്കും പറഞ്ഞാൽ ഇല്ലായിരുന്നു.

അത് സംഗീതിനെകൊണ്ട് ചെയ്യിപ്പിക്കാനായിരുന്നു ആദ്യം കരുതിയത്. പിന്നെ അത് മാറ്റി നസ്‌ലെനാക്കി, സംഗീതിന് വേറൊരു റോൾ കൊടുത്തു. ഇതിൽ പിന്നെ തുടക്കത്തിൽ തന്നെ നസ്‌ലെൻ ഉണ്ടായിരുന്നു. അപ്പോഴേക്കും നസ്‌ലെൻ ഒരു നായകൻ എന്നതിലേക്ക് വന്നിരുന്നു. എനിക്ക് അവന്റെ ആക്ടിങ് നല്ല ഇഷ്ടമാണ്. മലയാളികൾക്ക് ഇഷ്ടപെടുന്ന മാനറിസങ്ങൾ അവനുണ്ട്,’ ഗിരീഷ് എ.ഡി. പറഞ്ഞു.

സൂപ്പർ ശരണ്യയിലെ അർജുൻ റെഡ്‌ഡിയുടെ സ്പൂഫ് ഉപയോഗിച്ചതിനെക്കുറിച്ചും ഗിരീഷ് അഭിമുഖത്തിൽ പരണയുന്നുണ്ട്. ‘സൂപ്പർ ശരണ്യയിൽ അർജുൻ റെഡ്‌ഡിയുടെ സ്പൂഫ് മനഃപൂർവം ഉപയോഗിച്ചതാണ്. അർജുൻ റെഡ്‌ഡി ഇറിറ്റേറ്റിങ് ആയിട്ട് എനിക്ക് തോന്നിയിരുന്നു. അത് ഒരു നിലക്കും അനുവദിക്കാൻ പറ്റില്ല.

നമ്മളുടെ കോളജിലൊക്കെ അങ്ങനെയുള്ള ഒരുത്തൻ പഠിച്ചിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ ഇടി കൊണ്ട് ചത്തേനെ. ഇങ്ങനെയൊന്നും ഷോ കാണിക്കാൻ പിള്ളേരൊന്നും സമ്മതിക്കില്ല. അതിനെ പിടിച്ചിട്ട് കോമിക് രീതിയിലേക്ക് ആക്കിയതാണ്. ഓരോരുത്തരുടെ ഫാന്റസി ആണല്ലോ. അതിനോടൊക്കെയുള്ള എതിർപ്പ് ഉള്ളതുകൊണ്ടാണ് അങ്ങനെയൊരു കഥാപാത്രത്തെ വെച്ചത്,’ ഗിരീഷ് പറയുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്‌ലെൻ, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം

Content Highlight: Gireesh about neslan character in his movies

We use cookies to give you the best possible experience. Learn more