സൂപ്പർ ശരണ്യയിൽ അർജുൻ റെഡ്‌ഡിയുടെ സ്പൂഫ് മനഃപൂർവം ഉപയോഗിച്ചതാണെന്ന് സംവിധായകൻ ഗിരീഷ് എ.ഡി. അർജുൻ റെഡ്‌ഡി ഭയങ്കര ഇറിറ്റേറ്റിങ് ആയിട്ട് തോന്നിയിരുന്നെന്നും അത് ഒരിക്കലും അനുവദിക്കാൻ പറ്റില്ലെന്നും ഗിരീഷ് പറഞ്ഞു. തന്റെ കോളേജിലൊക്കെ അർജുൻ റെഡ്‌ഡിയെ പോലെയുള്ളയാൾ പഠിച്ചിരുന്നെങ്കിൽ അപ്പോൾ തന്നെ ഇടി കൊണ്ട് ചത്തേനെയെന്നും ഗിരീഷ് പറയുന്നുണ്ട്. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സൂപ്പർ ശരണ്യയിൽ അർജുൻ റെഡ്‌ഡിയുടെ സ്പൂഫ് മനഃപൂർവം ഉപയോഗിച്ചതാണ്. അർജുൻ റെഡ്‌ഡി ഇറിറ്റേറ്റിങ് ആയിട്ട് എനിക്ക് തോന്നിയിരുന്നു. അത് ഒരു നിലക്കും അനുവദിക്കാൻ പറ്റില്ല. നമ്മളുടെ കോളജിലൊക്കെ അങ്ങനെയുള്ള ഒരുത്തൻ പഠിച്ചിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ ഇടി കൊണ്ട് ചത്തേനെ. ഇങ്ങനെയൊന്നും ഷോ കാണിക്കാൻ പിള്ളേരൊന്നും സമ്മതിക്കില്ല. അതിനെ പിടിച്ചിട്ട് കോമിക് രീതിയിലേക്ക് ആകിയതാണ്. ഓരോരുത്തരുടെ ഫാന്റസി ആണല്ലോ. അതിനോടൊക്കെയുള്ള എതിർപ്പ് ഉള്ളതുകൊണ്ടാണ് അങ്ങനെയൊരു കഥാപാത്രത്തെ വെച്ചത്.
പിന്നെ ഇതിൽ (പ്രേമലു) ഒരു പ്രത്യേക ആളെ ആ രീതിയിൽ അവതരിപ്പിച്ചിട്ടില്ല. ആദി എന്നുള്ള ഒരാൾ നമ്മൾ പല ആളുകളിൽ നിന്നുള്ള ഇറിറ്റേറ്റിങ് ആയിട്ടുള്ള കാര്യങ്ങൾ എടുത്ത് ഒരു കോമിക് കഥാപാത്രം ഉണ്ടാക്കിയതാണ്. ഇതിലുള്ള ആദി ചെറിയ ഡോസിലുള്ള ഒരാളാണ്. അതൊന്നുമല്ല, അതിന് എത്രയോ മുകളിലുള്ള ആളുകളുണ്ട്. അതിന്റെയൊക്കെ ചെറിയ വേർഷനാണ് ആദി,’ ഗിരീഷ് എ.ഡി. പറഞ്ഞു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്‌ലെൻ, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം
Content Highlight: Gireesh about Arjun reddy’s spoof in super sharanya