ഒരാളെ മാനസികമായി തളര്‍ത്തുന്നതാണ് എനിക്ക് ചിന്തിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ഹീറോയിസം: ഗിരീഷ് എ.ഡി
Entertainment
ഒരാളെ മാനസികമായി തളര്‍ത്തുന്നതാണ് എനിക്ക് ചിന്തിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ഹീറോയിസം: ഗിരീഷ് എ.ഡി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th November 2024, 8:09 am

ആദ്യ മൂന്ന് സിനിമകളിലൂടെ തന്നെ മലയാളത്തില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ഗിരീഷ്.എ.ഡി. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങി ഈ വര്‍ഷം ഇറങ്ങിയ പ്രേമലുവിന്റെയും സംവിധായകന്‍ ഗിരീഷ് എ.ഡിയായിരുന്നു.

പ്രേമലു ഈ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. ഗിരീഷ്. എ.ഡി ചെയ്തത് മൂന്നും പ്രണയ ചിത്രങ്ങള്‍ ആയിരുന്നു. പല കാലഘട്ടങ്ങളിലെ സാധാരണക്കാരന്റെ പ്രണയം പറയുന്ന സംവിധായകന്‍ എന്ന ഖ്യാതി നേടിയെടുക്കാന്‍ അദ്ദേഹത്തിന് കുറഞ്ഞ സമയം മതിയായിരുന്നു.

തന്റെ ചിത്രങ്ങളിലെ ഫാന്റസിയെ കുറിച്ച് സംസാരിക്കുകയാണ് ഗിരീഷ് എ.ഡി. ഫാന്റസിയെ കഴിയുന്നത്ര നോര്‍മലാക്കി അവതരിപ്പിക്കാനാണ് താന്‍ ശ്രമിക്കാറുള്ളതെന്ന് ഗിരീഷ് പറയുന്നു. തനിക്ക് ചിന്തിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ഹീറോയിസം ഒരാളെ മാനസികമായി തളര്‍ത്തുന്നതാണെന്നും അല്ലാതെ അടിച്ചിടുന്ന ലെവലിലേക്കൊന്നും തന്റെ സിനിമകളെ താന്‍ ചിന്തിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന എ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗിരീഷ് എ.ഡി.

‘നമ്മുടെ ഒരു ഫാന്റസിയാണ് സിനിമയില്‍ എഴുതിവെക്കുന്നത്. ആ ഫാന്റസിയെ മാക്‌സിമം നോര്‍മലാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എനിക്കൊക്കെ ചിന്തിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ഹീറോയിസം ഒരുത്തനെ മാനസികമായി തളര്‍ത്തി വിടുക എന്നതാണ്. അത് അല്ലാതെ അടിച്ചിടുകയൊന്നും അല്ല. ആ ലെവലിലേക്കാണ് സിനിമ ചിന്തിക്കുമ്പോഴും ഞാന്‍ ചിന്തിക്കാറുള്ളത്.

ഒരു ഗിറ്റാര്‍ വായിച്ചിട്ട് ലോകത്തിലെ എല്ലാ പെണ്ണുങ്ങളെയും പ്രേമിക്കാം എന്നൊന്നും അല്ല. ആള്‍ നമ്മുടെയടുത്തേക്ക് സംസാരിച്ചാല്‍ തന്നെ ഹാപ്പിയാണെന്നുള്ള ലെവല്‍ ആണ് എനിക്ക്. ആ ലെവല്‍ ഫാന്റസിയെ എനിക്കൊള്ളു. ആ ഫാന്റസിയുടെ അംശങ്ങളാണ് ചേര്‍ക്കാറുള്ളത്. അത് കുറച്ചുകൂടി റൂട്ടഡ് ആണെന്നുള്ളതുകൊണ്ടായിരിക്കാം നമ്മുടെ സിനിമ ആളുകള്‍ കാണുന്നത്,’ ഗിരീഷ് എ.ഡി പറയുന്നു.

ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഐ ആം കാതലന്‍. നസ്ലെനെ നായകനാക്കി ചെയ്ത ചിത്രം എന്നാല്‍ ഗിരീഷ് എ.ഡിയുടെ പതിവ് റോം കോം അല്ല. സൈബര്‍ ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Content Highlight: Gireesh A.D Talks About Fantasies In His Movies