ആദ്യ ദിനത്തിലെ മോശം കമന്റുകൾ കണ്ടപ്പോൾ ആ ചിത്രം പരാജയപ്പെടുമെന്ന് ഉറപ്പിച്ചു, പക്ഷെ..: ഗിരീഷ് എ.ഡി
Entertainment
ആദ്യ ദിനത്തിലെ മോശം കമന്റുകൾ കണ്ടപ്പോൾ ആ ചിത്രം പരാജയപ്പെടുമെന്ന് ഉറപ്പിച്ചു, പക്ഷെ..: ഗിരീഷ് എ.ഡി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th September 2024, 1:45 pm

ഈ വർഷം ബോക്സ് ഓഫീസിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി വമ്പൻ വിജയമായ ചിത്രമാണ് പ്രേമലു. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ ഇറങ്ങിയ റോം കോം ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമായ ഒന്നാണ്.

നസ്‌ലെൻ, മമിത ബൈജു, മാത്യു തോമസ്, ശ്യാം മോഹൻ തുടങ്ങി യുവതാരങ്ങൾ അണിനിരന്ന ചിത്രം തെലുങ്കിലും തമിഴിലുമെല്ലാം ഒരുപോലെ സ്വീകരിക്കപ്പെട്ടു. സംവിധായകൻ രാജമൗലിയടക്കമുള്ള പ്രമുഖർ സിനിമയെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു. നൂറ് കോടിയും കടന്ന് സിനിമ വമ്പൻ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുമെന്ന വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

സിനിമകളിലെ ജയ പരാജയങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഗിരീഷ് എ.ഡി. സുപ്പർ ശരണ്യ എന്ന തന്റെ സിനിമയ്ക്ക് ആദ്യ ദിവസങ്ങളിൽ വലിയ നെഗറ്റീവ് അഭിപ്രായം ആയിരുന്നുവെന്നും സിനിമ പരാജയപ്പെടുമെന്നാണ് താൻ കരുതിയതെന്നും ഗിരീഷ് പറഞ്ഞു. പലപ്പോഴും നെഗറ്റീവ് കമന്റുകൾക്ക് മറുപടി പറയാൻ തനിക്ക് തോന്നിയിട്ടുണ്ടെന്നും പക്ഷെ സ്വയം കൺട്രോൾ ചെയ്യാറാണുള്ളതെന്നും ഗിരീഷ് എ.ഡി പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു ഗിരീഷ്.എ.ഡി.

‘ചിത്രത്തിന് നെഗറ്റീവ് റിവ്യൂ വന്നാൽ നമുക്ക് അതിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല, നൂറുശതമാനം വിജയം ആർക്കും അവകാശപ്പെടാനാകില്ലല്ലോ. എനിക്ക് പലപ്പോഴും നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാൻ തോന്നിയിട്ടുണ്ട്. പക്ഷേ, പ്രതികരിച്ചിട്ട് കാര്യമില്ല, വഷളാകുകയേയുള്ളൂ.

സൂപ്പർശരണ്യയ്ക്ക് ആദ്യദിനങ്ങളിൽ ഒരുപാട് മോശം കമന്റുകൾ നേരിട്ടിരുന്നു. സിനിമ പരാജയപ്പെട്ടുവെന്ന് ഞാൻ കരുതി. ആ സമയം വല്ലാതെ അസ്വസ്ഥനായി. ചില മോശം കമന്റുകൾക്കുതാഴെ മറുപടി പറഞ്ഞാലോയെന്ന് ആലോചിച്ചു.

പക്ഷേ, സ്വയം നിയന്ത്രിച്ചു. അവർക്ക് അങ്ങനെ മോശമായി തോന്നിയതിൽ നമുക്കൊന്നും ചെയ്യാനില്ലല്ലോ. നമ്മളോട് ചോദിക്കുമ്പോൾ മറുപടി പറയാമെന്നേയുള്ളൂ. ആദ്യദിവസം ദുഃഖിച്ചെങ്കിലും പിന്നീട് പടം കയറി വന്നു, വിജയമായി.

തോൽവിയല്ലെങ്കിലും അതിനടുത്തേക്ക് പോയപ്പോൾ ഉണ്ടായ വിഷമം ഞാൻ അനുഭവിച്ചു. സംവിധാനം ചെയ്ത ചിത്രങ്ങൾ ഫ്ളോപ് ആയിട്ടില്ല എന്നത് ആശ്വാസമാണ്. എന്തും നേരിടാൻ തയ്യാറായിട്ടാണ് ഇരിക്കുന്നത്,’ഗിരീഷ്.എ.ഡി പറയുന്നു.

 

Content Highlight: Gireesh a.d talk about super sharanya movie