Entertainment
എന്റെ മറ്റ് സിനിമകളിൽ നിന്ന് വേറിട്ട സംഭവമാണ് ആ ചിത്രം, അതിന് ശേഷമാണ് പ്രേമലുവിലേക്ക് വന്നത്: ഗിരീഷ്.എ.ഡി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 08, 06:59 am
Wednesday, 8th May 2024, 12:29 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു പ്രേമലു. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം ഏറെക്കാലത്തിന് ശേഷം മലയാളത്തിലെത്തിയ പെര്‍ഫക്ട് റോം കോം ചിത്രമായിരുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് സംവിധാനം ചെയ്ത ചിത്രം 100 കോടിയിലധികം കളക്ഷന്‍ നേടി.

നസ്‌ലെൻ, മമിത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ തുടങ്ങി യുവതാരങ്ങൾ അണിനിരന്ന ചിത്രം കേരളത്തിലെ പോലെ തന്നെ തെലുങ്കിലും വലിയ വിജയമായി മാറിയിരുന്നു. സംവിധായകൻ രാജമൗലിയടക്കം ചിത്രത്തെ പ്രശംസിച്ചു കൊണ്ട് സംസാരിച്ചിരുന്നു.

സൂപ്പർ ശരണ്യക്ക് ശേഷം ഗിരീഷ് എ. ഡി അനൗൺസ് ചെയ്ത ചിത്രം മറ്റൊന്നായിരുന്നു. ഐ ആം കാതലൻ എന്ന ആ ചിത്രത്തിലും നായകൻ നസ്‌ലെൻ തന്നെയായിരുന്നു. എന്നാൽ ചില പ്രശ്നങ്ങൾ കാരണം ചിത്രം റിലീസ് ചെയ്യാൻ കഴിയാതെ വരികയായിരുന്നു.

എന്നാൽ ചിത്രത്തിന്റെ ഷൂട്ട് ഒരു വർഷം മുമ്പ് തന്നെ കഴിഞ്ഞിട്ടുണ്ടെന്നും തന്റെ മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമായ പടമാണ് അതെന്നും എല്ലാ വർക്കും പൂർത്തിയാക്കി റിലീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ഗിരീഷ് എ.ഡി പറയുന്നു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു ഗിരീഷ്.

‘ഐ ആം കാതലൻ ഒരു വർഷം മുമ്പ് ഷൂട്ട്‌ ചെയ്ത ചിത്രമാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ അതിന്റെ ഷൂട്ട്‌ കഴിഞ്ഞതാണ്. അതിന് കുറച്ച് പ്രശ്നങ്ങൾ വന്നത് കാരണമാണ് ഞാൻ പ്രേമലുവിലേക്ക് വന്നത്.

അതിന്റെ ബാക്കി പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ തീർത്ത് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത് ചെറിയൊരു പടമാണ്. പക്ഷെ എന്റെ സാധാരണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി വേറൊരു സംഭവമാണത്.

ഞാൻ തുടർച്ചയായി ചെയ്ത് വന്ന സംഭവത്തിൽ നിന്ന് മാറിയിട്ടുള്ള ഒരു സംഭവമായിരിക്കും. ഈ ഘട്ടത്തിൽ അതിനെ കുറിച്ച് ഇത്ര കാര്യമേ പറയാൻ പറ്റുള്ളൂ,’ഗിരീഷ് എ.ഡി പറയുന്നു.

 

Content Highlight: Gireesh A.d Talk About Iam Kathalan Movie