ആദ്യ മൂന്ന് സിനിമകളിലൂടെ തന്നെ മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ഗിരീഷ്.എ.ഡി. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങി ഈ വർഷം ഇറങ്ങിയ പ്രേമലുവിന്റെയും സംവിധായകൻ ഗിരീഷ് എ.ഡിയായിരുന്നു.
പ്രേമലു ഈ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. അന്യഭാഷകളിലും ചിത്രത്തിന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ഗിരീഷ്. എ.ഡി ചെയ്തത് മൂന്നും പ്രണയ ചിത്രങ്ങൾ ആയിരുന്നു. എന്നാൽ പ്രേമലുവിന് മുമ്പ് പ്രഖ്യാപിക്കുകയും ഷൂട്ട് തീർക്കുകയും ചെയ്ത ഐ ആം കാതലൻ എന്നൊരു സിനിമയുണ്ട്.
ഐ ആം കാതലൻ ഒരു സൈബർ ത്രില്ലറാണെന്നും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ആ സിനിമ റിലീസ് ചെയ്യാൻ കഴിയാഞ്ഞതെന്നും ഗിരീഷ് പറയുന്നു. പ്രേമലുവിന് മുമ്പ് ആ ചിത്രം ഇറങ്ങിയിരുന്നെങ്കിൽ പ്രണയ സിനിമകളുടെ ഒരു പറ്റേൺ സംഭവിക്കില്ലായിരുന്നുവെന്നും താത്പര്യം ഉണ്ടെങ്കിൽ മാത്രമേ സിനിമയിൽ ട്രാക്ക് മാറ്റേണ്ടതുള്ളൂവെന്നും ഗിരീഷ് പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഐ ആം കാതലൻ ഒരു സൈബർ ത്രില്ലറാണ്. പ്രേമലുവിന് മുമ്പ് റിലീസാവേണ്ട ചിത്രം. ചില സാങ്കേതിക കാരണങ്ങൾകൊണ്ടാണ് റിലീസ് വൈകിയത്. ഞാൻ ആദ്യമായിട്ട് മറ്റൊരാളുടെ തിരക്കഥയിൽ സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സജിൻ ചെറുകയിലാണ് തിരക്കഥയൊരുക്കിയത്.
പ്രണയചിത്രങ്ങൾ ഒരുക്കാനാണ് ഇഷ്ടം. സ്‌കൂൾ പിള്ളേരുടെ പ്രണയം, കോളേജ്‌പിള്ളേരുടെ പ്രണയം, ജോലിയൊക്കെയുള്ള യുവതീയുവാക്കളുടെ പ്രണയം എന്ന പാറ്റേൺ സംഭവിച്ചുപോയിയെന്നേയുള്ളൂ. ബോധപൂർവം ചെയ്‌തതല്ല.
പ്രേമലുവിന് മുമ്പ് ഐ ആം കാതലൻ ഇറങ്ങിയിരുന്നെങ്കിൽ ഈ പാറ്റേൺ സംഭവിക്കില്ലായിരുന്നു. പൂർണമായി ബ്രേക്കായെന്ന് പറയാനാകില്ലെന്നുമാത്രം. എല്ലാവരും പലതരം ചിത്രമെടുത്ത് പ്രൂവ് ചെയ്യണം എന്നൊന്നുമില്ല. പ്രൂവ് ചെയ്യാൻ നിൽക്കുമ്പോഴാണ് പ്രശ്നം.
നമ്മൾ ആളുകളെ എന്റർടൈൻ ചെയ്യിക്കാനല്ലേ ചിത്രമെടുക്കുന്നത്. അല്ലാതെ ആളുകളുടെ വാക്കുകേട്ട് അവരെ പ്രൂവ് ചെയ്യാൻനോക്കി പടം മോശമാക്കിയിട്ട് എന്തുകാര്യം. നമ്മുടെ കംഫർട്ട് സോൺ വിട്ടും ചിത്രങ്ങൾ ചെയ്യാം, പക്ഷേ, നമുക്ക് അതിൽ പൂർണ താത്പര്യം വേണം,’ഗിരീഷ് എ. ഡി പറയുന്നു.
Content Highlight: Gireesh A.d Talk About Iam Kathalan Movie