| Friday, 15th December 2023, 1:45 pm

റൊണാള്‍ഡോ ഒരിക്കല്‍ പോലും ടീം ഡിന്നര്‍ മിസ്സാക്കിയിട്ടില്ല; ഇറ്റാലിയന്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇറ്റാലിയന്‍ ഇതിഹാസം ജോര്‍ജിയോ ചെല്ലീനി.

റൊണാള്‍ഡോക്കൊപ്പം സിരി എയില്‍ ഒപ്പം കളിക്കാന്‍ സാധിച്ചത് തന്റെ ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നാണ് ചെല്ലീനി പറഞ്ഞത്.

‘റൊണാള്‍ഡോക്കൊപ്പം കളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. എല്ലാവരോടും വളരെ വിനയത്തോടും ബഹുമാനത്തോടെയുംആണ് അവന്‍ കളിക്കളത്തില്‍ പെരുമാറുക. അതുകൊണ്ടുതന്നെ ഇത്രയും മികച്ച ഒരു താരത്തിനൊപ്പം കളിക്കുന്നത് വളരെ മനോഹരമായ നിമിഷമായിരുന്നു. റൊണാള്‍ഡോ ഒരിക്കലും ടീമിന്റെ ഡിന്നര്‍ നഷ്ടപ്പെടുത്തിയിട്ടില്ല,’ ചെല്ലീനി ഫോര്‍സ യുവന്റസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇറ്റാലിയന്‍ ഇതിഹാസം ചെല്ലീനി 2018 മുതല്‍ 2021 വരെ മൂന്ന് സീസണുകളില്‍ യുവന്റസില്‍ കളിക്കുന്ന സമയത്താണ് റൊണാള്‍ഡോക്കൊപ്പം കളിച്ചിട്ടുള്ളത്. 57 മത്സരങ്ങളിലാണ് ഇരു താരങ്ങളും ഒരുമിച്ച് കളിച്ചിട്ടുള്ളത്. രണ്ട് സംയുക്ത ഗോളുകളും ഇരുവരും നേടിയിട്ടുണ്ട്.

17 സീസണുകളിലാണ് ചെല്ലീനി ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനൊപ്പം കളിച്ചിട്ടുള്ളത്. 561 മത്സരങ്ങളില്‍ നിന്നും 36 ഗോളുകളും 26 അസിസ്റ്റുകളും ഇറ്റാലിയന്‍ ക്ലബ്ബിനൊപ്പം ചെല്ലീനി സ്വന്തമാക്കിയിട്ടുണ്ട്. യുവന്റസിനൊപ്പം തുടര്‍ച്ചയായി ഒമ്പത് സിരി എ കിരീട നേട്ടത്തില്‍ പങ്കാളിയാവാന്‍ ഇറ്റാലിയന്‍ ഇതിഹാസത്തിന് സാധിച്ചിട്ടുണ്ട്. അടുത്തിടെയാണ് ചെല്ലീനി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചത്.

അതേസമയം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോ 2018 ലാണ് റയല്‍ മാഡ്രിഡിനൊപ്പമുള്ള തന്റെ നീണ്ട കരിയര്‍ അവസാനിപ്പിച്ച് ഇറ്റലിയിലേക്ക് ചേക്കേറിയത്. യുവന്റസിനായി 134 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ റോണോ 101 ഗോളുകളും 22 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇറ്റാലിയന്‍ ടീമിനൊപ്പം അഞ്ച് സിരി എ കിരീടനേട്ടത്തിലും റോണോ പങ്കാളിയായിട്ടുണ്ട്.

നിലവില്‍ സൗദി ക്ലബ്ബ് അല്‍ നസറിന്റെ താരമാണ് റൊണാള്‍ഡോ. തന്റെ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് സൗദിയില്‍ റൊണാള്‍ഡോ നടത്തുന്നത്. അല്‍ നസറിനായി 19 ഗോളുകളും പത്ത് അസിസ്റ്റുകളുമാണ് ഈ 38കാരന്‍ ഈ സീസണില്‍ നേടിയിട്ടുള്ളത്.

Content Highlight: Giorgio Chiellini praises Cristiano Ronaldo.

We use cookies to give you the best possible experience. Learn more