| Friday, 22nd March 2024, 2:21 pm

അഞ്ചക്കള്ളകോക്കാന്‍; നടവരമ്പനെ പോലും സൈഡാക്കിയ 'ഗില്ലാപ്പികളുടെ അഴിഞ്ഞാട്ടം'

വി. ജസ്‌ന

മലയാളി പ്രേക്ഷകര്‍ക്ക് അത്രകണ്ട് സുപരിചിതമല്ലാത്ത മലയാളം വെസ്റ്റേണ്‍ ട്രീറ്റ്‌മെന്റിലൂടെ പൊറാട്ട് എന്ന ഫോക്ക് കലാരൂപത്തെ മുന്‍നിര്‍ത്തി കൊണ്ട് അവതരിപ്പിച്ച ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. 1980കളുടെ അവസാനത്തില്‍ കേരള – കര്‍ണാടക അതിര്‍ത്തിയിലെ കാളഹസ്തി എന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാന്‍ പറയുന്നത്.

ഈ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കിയ സിനിമകളിലൊന്നാണ് ഇത്. സിനിമയില്‍ ഒരുപാട് കഥാപാത്രങ്ങള്‍ വന്ന് പോകുന്നുണ്ടെങ്കിലും പ്രധാനമായും ചെമ്പന്‍ വിനോദ്, ലുക്മാന്‍ അവറാന്‍, മണികണ്ഠന്‍ ആചാരി, പ്രവീണ്‍ ടി.ജെ, മെറിന്‍ ജോസ് പൊറ്റക്കല്‍ തുടങ്ങിയവരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

ചെമ്പന്‍ വിനോദ്, ലുക്മാന്‍ അവറാന്‍ എന്നിവര്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം ഒരു കൊലപാതകത്തില്‍ തുടങ്ങുമ്പോള്‍ പിന്നീട് അന്വേഷണവും കുറ്റവാളികളെ കണ്ടെത്തലുമാകും പറയുകയെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കുന്നു. എന്നാല്‍ സിനിമ മുന്നോട്ട് പോകുമ്പോള്‍ അടിയും ഇടിയും വെടിയും നിറഞ്ഞ രംഗങ്ങളാണ് കാണാന്‍ സാധിക്കുക.

ഈ അടിക്കും ഇടിക്കും ഇടയില്‍ അഞ്ചക്കള്ളകോക്കാന്‍ കണ്ട പ്രേക്ഷകര്‍ ഒരുപോലെ പ്രശംസിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് ഗില്ലാപ്പികളുടേത്. ചിത്രത്തില്‍ ഗില്ലാപ്പികളായി എത്തിയത് പ്രവീണ്‍ ടി.ജെ, മെറിന്‍ ജോസ് പൊറ്റക്കല്‍ എന്നിവരായിരുന്നു.

സിനിമ തുടങ്ങിയ ശേഷം കഥ ത്രില്ലര്‍ ലെവലിലേക്ക് എത്തിച്ചത് ഈ ഗില്ലാപ്പികള്‍ തന്നെയായിരുന്നു. അത്ര നേരം സ്‌ക്രീനില്‍ നിറഞ്ഞു നിന്നവരെ മുഴുവനും മാറ്റി നിര്‍ത്തി മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. പൊതുവെ അഭിനയം കൊണ്ട് സ്‌ക്രീന്‍ തന്റേത് മാത്രമായി മാറ്റാറുള്ള ചെമ്പന്‍ വിനോദിന്റെ നടവരമ്പന്‍ എന്ന കഥാപാത്രത്തെ പോലും ഒരു വശത്തേക്ക് മാറ്റി നിര്‍ത്തി കൊണ്ടാണ് ഗില്ലാപ്പികള്‍ വരുന്നത്.

ഉല്ലാസ് ചെമ്പന്‍ എന്ന സംവിധായകന്‍ അത്രയും മികച്ച രീതിയിലാണ് ഈ ഗില്ലാപ്പികളെ പ്ലേസ് ചെയ്തിരിക്കുന്നത്. തങ്ങളുടെ അപ്പന്റെ മരണത്തിന് ശേഷം കൊലയാളിയെ തേടിയിറങ്ങുന്ന കഥാപാത്രങ്ങളാണ് സിനിമയില്‍ ഗില്ലാപ്പികള്‍. സാധാരണ സിനിമകളില്‍ കാണുന്ന വില്ലന്മാരില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഇവര്‍.

ഊമയായ കഥാപാത്രമാണ് ചിത്രത്തില്‍ പ്രവീണ്‍ ടി.ജെയുടേത്. മൈക്കിള്‍ ജാക്‌സണ്‍ സ്‌റ്റൈലില്‍ ഡാന്‍സ് കളിച്ചു കൊണ്ട് എതിരാളിയെ തല്ലുന്ന ആ കഥാപാത്രത്തെ പ്രവീണ്‍ മികച്ചതായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു സൈക്കോ ലെവലില്‍ ആ കഥാപാത്രത്തെ കൊണ്ടുവരാന്‍ പ്രവീണിന് സാധിച്ചിട്ടുണ്ട്.

തമ്പുരാന്‍ എഴുന്നള്ളി എന്ന ഗാനത്തിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് പ്രവീണ്‍. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച താരം പിന്നീട് കമ്മട്ടിപാടം സിനിമയുടെ ഭാഗമാകുകയും ചെയ്തിട്ടുണ്ട്.

ഗില്ലാപ്പികളില്‍ മറ്റൊരാളായി അഭിനയിച്ചത് മെറിന്‍ ജോസ് പൊറ്റക്കലായിരുന്നു. സംസാര ശേഷിയുണ്ടെങ്കിലും എന്തോ വൈകല്യം തോന്നുന്ന തരത്തിലാണ് ആ കഥാപാത്രത്തിന്റെ സംസാരം. അങ്കമാലി ഡയറീസ്, വെയില്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് മെറിന്‍. അഞ്ചക്കള്ളകോക്കാനില്‍ തങ്ങള്‍ വരുന്ന സീനുകളിലെല്ലാം ആ സീന്‍ സ്വന്തമാക്കാന്‍ ഈ ഗില്ലാപ്പികള്‍ക്ക് സാധിച്ചിട്ടുണ്ട്.

ചിത്രത്തില്‍ ഷാപ്പില്‍ വെച്ച് ഗില്ലാപ്പികള്‍ ഫൈറ്റ് ചെയ്യുന്ന സീനും അതിന് മുമ്പുള്ള പാട്ടുമാകും അഞ്ചക്കള്ളകോക്കാന്‍ കണ്ട് ഇറങ്ങുന്ന മിക്ക പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭാഗങ്ങള്‍. സിറ്റി ഓഫ് ഗോഡിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തില്‍ ഗില്ലാപ്പികളെ കൊണ്ടുവന്നിരിക്കുന്നത്. ചുരുക്കത്തില്‍ അഞ്ചക്കള്ളകോക്കാന്‍ ഗില്ലാപ്പികളുടെ ഒരു അഴിഞ്ഞാട്ടം തന്നെയായിരുന്നു.

Content Highlight: Gillappies’s Performance In Anchakkallakokkan Movie

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more