ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍വെച്ച് സെപ്തംബര്‍ ഒന്നിന് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ബംഗ്ലാദേശ് ഗവണ്‍മെന്റ്.
പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേനയായ ബി.എസ്.എഫ് കൊലപ്പെടുത്തിയതാണെന്നാണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ആരോപിക്കുന്നത്. പെണ്‍കുട്ടിയെ ബി.എസ്.എഫ് കൊലപ്പെടുത്തിയതാണെന്നും അതിനെ കുറിച്ച് ആശങ്കകള്‍ അറിയിച്ചെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന് ബംഗ്ലാദേശ് അയച്ച പ്രതിഷേധക്കുറിപ്പില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ വെച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നാലെ മൃതദേഹം ബംഗ്ലാദേശ് അതിര്‍ത്തി സേനയ്ക്ക് കൈമാറി.
എന്നാല്‍ ബംഗ്ലാദേശ് സുരക്ഷ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ മൃതദേഹം സ്വീകരിക്കാന്‍ ആദ്യം തയ്യാറായിരുന്നില്ലെന്നും പെണ്‍കുട്ടി ബംഗ്ലാദേശ് പൗരനല്ലെന്നും പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം ഇന്ത്യന്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ പെണ്‍കുട്ടി ബംഗ്ലാദേശിലെ കൗലറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരാണെന്ന് കണ്ടെത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
1975ലെ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്കായുള്ള ഇന്ത്യ-ബംഗ്ലാദേശ് മാര്‍ഗനിര്‍ദേശപ്രകാരം ഇത്തരം നടപടികള്‍ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും ബംഗ്ലാദേശ് ചൂണ്ടിക്കാട്ടി.
ഇങ്ങനെയുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അതിര്‍ത്തിയിലുണ്ടാവുന്ന ഇത്തരം സംഭവങ്ങളെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടു.
Content Highlight: gill killed on india-bangladesh border; bangladesh in protest