ഇസ്‌ലാമാബാദ്: കോടതിയലക്ഷ്യക്കേസില്‍ പാക്കിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി കുറ്റക്കാരനെന്ന് സുപ്രീംകോടതി വിധി. എന്നാല്‍ തടവ് ശിക്ഷയില്‍ നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കി.
പ്രധാനമന്ത്രിക്കെതിരെ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുന്നതായി ജസ്റ്റിസ് നസില്‍ഉല്‍മുല്‍ക്കിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരാരംഭിക്കാനുള്ള കോടതി നിര്‍ദേശം അവഗണിച്ചതിന്റെ പേരിലാണ് ഗിലാനിക്കെതിരെ കോടതിയലക്ഷ്യം ചുമത്തിയത്.
പ്രതീകാത്മകമായ ശിക്ഷയാണ് ഗിലാനിക്ക് ലഭിച്ചിരിക്കുന്നത്. കോടതി ശിക്ഷ വിധിച്ചതിനാല്‍ ഗിലാനിയെ എം.പി സ്ഥാനത്ത് നിന്ന് നീക്കാന്‍ സാധ്യതയുണ്ടെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ പ്രധാനമന്ത്രി സ്ഥാനവും നഷ്ടമാകും. പാക്കിസ്താന്‍ പെട്രോളിയം മന്ത്രി പുതിയ പ്രധാനമന്ത്രിയായേക്കുമെന്നും സൂചനയുണ്ട്.
മകന്‍ അലി മൂസയ്ക്കും, ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിനും ക്യാബിനറ്റിലെ മറ്റംഗങ്ങള്‍ക്കും ഒപ്പമാണ് ഗിലാനി കോടതിയിലെത്തിയത്. ശിക്ഷാ നടപടിക്ക് ശേഷം പുഞ്ചിരിച്ചുകൊണ്ടാണ് ഗിലാനി കോടതിക്ക് പുറത്തേക്ക് എത്തിയത്.
ജനുവരി 16നാണ് ഗിലാനിക്കെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യകേസെടുത്തത്. ജസ്റ്റിസ് നസീര്‍ ഉല്‍ മുള്‍ക്ക് ഉള്‍പ്പെടുന്ന ഏഴംഗ സുപ്രീംകോടതി ബെഞ്ചിന്റേതായിരുന്ന നടപടി. ജനുവരി 19ന് ഗിലാനിയോട് കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. ജനുവരി 19ന് ഗിലാനി ഹാജരായെങ്കിലും കേസ് ഫെബ്രുവരി 1ലേക്ക് മാറ്റുകയായിരുന്നു.
ഫെബ്രുവരി ഒന്നിന് കേസ് പരിഗണിച്ച് കോടതി ഫെബ്രുവരി 13ന് കോടതിയില്‍ ഹാജരാവാന്‍ ഗിലാനിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
2007ല്‍ ജനറല്‍ പര്‍വേസ് മുഷ്‌റഫ് പാക്കിസ്ഥാന്‍ ഭരിച്ചിരുന്ന സമയത്ത് കൊണ്ടുവന്ന നേഷണല്‍ റികണ്‍സിലേഷന്‍ ഓര്‍ഡിനന്‍സ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഗിലാനിക്കെതിരെ കോടതിയലക്ഷ്യകേസ് ചുമത്തിയത്. 1986 ജനുവരി 1നും 1999 ഒക്ടോബര്‍ 12നും ഇടയില്‍ പാക്കിസ്ഥാനില്‍ നടന്ന അഴിമതി, പണംതട്ടിപ്പ്, കൊലപാതകം, തീവ്രവാദം എന്നീ കേസുകളില്‍ പ്രതിയായ രാഷ്ട്രീയനേതാക്കളെയും, ഉദ്യോഗസ്ഥരെയും വിചാരണ നടപടികളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണ് എന്‍.ആര്‍.ഒ. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെയും ആസിഫലി സര്‍ദാരിയെയും പാക്കിസ്ഥാനില്‍ തിരിച്ചെത്തിക്കാന്‍ വേണ്ടിയായിരുന്നു ഈ ഓര്‍ഡിനന്‍സിന് രൂപം നല്‍കിയത്.
എന്നാല്‍ 2009 ഡിസംബര്‍ 16ന് ഈ ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീംകോടതി അഴിമതിക്കേസുകളില്‍ സര്‍ദാരിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരുമറുപടിയുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗിലാനിക്കെതിരെ കേസെടുത്തത്.