ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീന ടീം അംഗങ്ങളുടെ വിജയാഘോഷത്തിനിടെ പ്രശസ്ത ഷെഫ് സാള്‍ട്ട് ബേയ് നുഴഞ്ഞുകയറിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നു.
കളിക്കളത്തില്‍ ഇറങ്ങിയതിന് ശേഷം അദ്ദേഹം ആരാധകരെ വല്ലാതെ അലോസരപ്പെടുത്തുകയും അര്‍ജന്റീനയുടെ ആഘോഷങ്ങള്‍ക്ക് തടസമുണ്ടാക്കുകയും ചെയ്യുകയായിരുന്നു.
താരങ്ങള്‍ കുടുംബത്തോടൊപ്പം വിജയമാഘോഷിച്ച സമയത്ത് സാള്‍ട്ട് ബേയ് ട്രോഫി പിടിച്ച് വാങ്ങുകയും അതിനോടൊപ്പം പോസ് ചെയ്യുകയുമായിരുന്നു.
ഫോട്ടോ എടുക്കുന്നതിനായി ലയണല്‍ മെസിയെ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മെസി ഷെഫിനെ അവഗണിക്കുകയും തന്റെ സഹതാരങ്ങളോടൊപ്പം ആഘോഷം തുടരുകയുമായിരുന്നു.
ഫിഫ അനുവദിക്കുന്ന ആളുകള്‍ക്ക് മാത്രമുള്ള പ്രവേശനമുള്ള ലോകകപ്പ് ക്ലോസിങ് സെറിമണിയില്‍ പുറത്ത് നിന്നൊരാള്‍ നുഴഞ്ഞുകയറിയതിനെയും വേള്‍ഡ്കപ്പ് ട്രോഫിയില്‍ സ്പര്‍ശിക്കുന്നതിനെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫിഫ.
ഡിസംബര്‍ 18ന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ സമാപന ചടങ്ങിന് ശേഷം ക്ഷണിക്കപ്പെടാത്ത് വ്യക്തികള്‍ എങ്ങനെ അകത്ത് പ്രവേശിച്ചതെന്ന് വ്യക്തമല്ലെന്നും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നുമാണ് ഫിഫ അറിയിച്ചത്.
അതേസമയം, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയുമായി അടുത്ത ബന്ധമുള്ളയാളാണ് നുസ്‌റത്ത് ഗോച്ചെ എന്ന സാള്‍ട്ട് ബേയ് എന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അതെല്ലാം വ്യാജ പ്രചരണമാണെന്നും തന്റെ അറിവോടെയല്ല അദ്ദേഹം അകത്ത് പ്രവേശിച്ചതെന്നുമാണ് ഇന്‍ഫന്റീനോ പറഞ്ഞത്. വസ്തുത അന്വേഷിച്ചറിഞ്ഞതിന് ശേഷം ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഇന്‍ഫന്റീനോ വ്യക്തമാക്കി.
മെസിയെ കൂടാതെ അലക്‌സിസ് മക്അലിസ്റ്റര്‍, പൗലോ ഡിബാല, നിക്കോളാസ് ഒട്ടമെന്‍ഡി, എയ്ഞ്ചല്‍ ഡി മരിയ, ലിയാന്‍ഡ്രോ പരേഡെസ് എന്നിവരുള്‍പ്പെടെയുള്ള ടീമിലെ മറ്റ് കളിക്കാര്‍ക്കൊപ്പവും സാള്‍ട്ട് ബേയ് ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. കൂടാതെ ചില ചാമ്പ്യന്‍മാരുടെ മെഡലുകള്‍ കടിച്ചതും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.
ഫിഫയുടെ നിയമ പ്രകാരം, ഫിഫ ലോകകപ്പ് മുന്‍ ജേതാക്കള്‍ക്കും രാഷ്ട്രതലവന്മാര്‍ക്കും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്കും മാത്രമേ ലോകകപ്പ് ട്രോഫി തൊടാനും പിടിക്കാനും അനുവാദമുള്ളൂ.
Content Highlights: Gianni Infantino about Salt Bae issue