| Wednesday, 13th November 2024, 4:42 pm

ഞാന്‍ വെറും മൂന്നാമന്‍, ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ അവനാണ്; തുറന്നടിച്ച് ബഫണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോള്‍ ലോകം കണ്ട ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ ആര്? ഈ ചോദ്യത്തിന് മിക്ക ഫുട്‌ബോള്‍ ആരാധകരും പറയുന്ന പേര് ഇറ്റാലിയന്‍ ഇതിഹാസം ജിയാന്‍ലൂജി ബഫണിന്റേതായിരിക്കും.

തന്നെ കടന്ന് ഒരു പന്ത് പോലും വലയിലെത്തില്ല, ജീവന്‍ കൊടുത്തും ഗോള്‍വല സംരക്ഷിക്കുക എന്നതായിരുന്നു ബഫണിന്റെ രീതി. കരിയറില്‍ ഏറ്റവുമധികം ക്ലീന്‍ ഷീറ്റുകളുള്ള ഗോള്‍ കീപ്പര്‍ എന്ന ഐതിഹാസിക നേട്ടം യുവന്റസ് ലെജന്‍ഡിന്റെ പേരില്‍ കുറിക്കപ്പെട്ടതും ഇതേ മനോഭാവം കൊണ്ടാണ്.

ഫുട്ബോള്‍ ഇതിഹാസ താരങ്ങളില്‍ ഭൂരിഭാഗം പേരും തെരഞ്ഞെടുത്ത ഓള്‍ ടൈം ഇലവന്‍ ഡ്രീം ടീമിന്റെ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍ തന്നെയായിരുന്നു. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ രണ്ട് തവണ ഇത്തരമൊരു തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ മുന്നേറ്റ നിരയിലും മധ്യനിരയിലുമെല്ലാം മാറ്റങ്ങള്‍ വന്നെങ്കിലും താരത്തിന്റെ ഗോള്‍ കീപ്പര്‍ ഓപ്ഷന്‍ മാറ്റമില്ലാത്ത ബഫണ്‍ തന്നെയായി തുടര്‍ന്നു.

എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ താനല്ല എന്ന അഭിപ്രായമാണ് ബഫണിനുള്ളത്. സ്പാനിഷ് സൂപ്പര്‍ താരവും റയല്‍ ലെജന്‍ഡുമായ ഐകര്‍ കസിയസാണ് ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ എന്നാണ് അദ്ദേഹം പറയുന്നത്.

ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരുടെ പട്ടികയെടുക്കുമ്പോള്‍ താന്‍ മൂന്നാം സ്ഥാനത്താണെന്നും ബഫണ്‍ അഭിപ്രായപ്പെടുന്നു. ജര്‍മന്‍ സൂപ്പര്‍ താരം മാനുവല്‍ നൂയറിനെയാണ് അദ്ദേഹം രണ്ടാമത്തെ മികച്ച ഗോളിയായി തെരഞ്ഞെടുത്തത്.

‘എന്നെ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പറായി കരുതുന്ന ആളുകളോട് ഒരിക്കലും എനിക്ക് യോജിക്കാന്‍ സാധിക്കില്ല. ഞാന്‍ വളരെയേറെകാലം കളിച്ചതുകൊണ്ടാകാം എന്നെ ഏറ്റവും മികച്ചതെന്ന് കരുതുന്നത്. പക്ഷേ എന്നെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ ഐകര്‍ കസിയസാണ്.

കസിയസ് യൂറോപ്പിലെയും ലോകത്തിലെയും ഏറ്റവും വലിയ ക്ലബ്ബിനായി കളിച്ചവനാണ്. റയല്‍ മാഡ്രിഡിനൊപ്പവും സ്പാനിഷ് നാഷണല്‍ ടീമിനൊപ്പവും എല്ലാ കിരീടവും അവന്‍ നേടിയിട്ടുണ്ട്. അവന്റെ നേട്ടങ്ങള്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ ആണെന്ന് പറയാന്‍ കാരണവും.

ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത് ഗോള്‍ കീപ്പര്‍ (മാനുവല്‍) നൂയറാണ്. ഞാന്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ്,’ ബഫണ്‍ പറഞ്ഞു.

കരിയറിന്റെ സിംഹഭാഗവും യുവന്റസ് ഗോള്‍ പോസ്റ്റിന്റെ കാവല്‍ക്കാരനായ ബഫണ്‍ ഓള്‍ഡ് ലേഡിക്കൊപ്പം എണ്ണിയാലൊടുങ്ങാത്ത കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

2006ല്‍ ഇറ്റലിക്കൊപ്പം ലോകകപ്പുയര്‍ത്തിയ ബഫണ്‍ യുവന്റസിനൊപ്പം പത്ത് തവണ ഇറ്റാലിയന്‍ ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ യുവേഫ ബെസ്റ്റ് പ്ലെയര്‍ ഇന്‍ യൂറോപ്പ് (2003), ഫുട്ബോളര്‍ ഓഫ് ദി ഇയര്‍ (2017), പത്ത് തവണ മികച്ച ഗോള്‍ കീപ്പര്‍ ഓഫ് ദി സീസണ്‍, ഒരു തവണ പ്ലെയര്‍ ഓഫ് ദി സീസണ്‍ (2015-16), ആറ് തവണ ഇറ്റാലിയന്‍ കപ്പ്, ഏഴ് തവണ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്, ഒരു തവണ യൂറോപ്യന്‍ അണ്ടര്‍ 21 കിരീടം (1996), യുവന്റസിനൊപ്പം ഒരു തവണ ഇറ്റാലിയന്‍ രണ്ടാം ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് (2006-07) എന്നിവ നേടിയ ബഫണ്‍ പി.എസ്.ജിക്കൊപ്പം ഒരു തവണ ലീഗ് വണ്‍ ടൈറ്റിലും ഫ്രഞ്ച് സൂപ്പര്‍ കപ്പും (2018-19) സ്വന്തമാക്കിയിട്ടുണ്ട്.

ബഫണിന് സമാനമായി കിരീടനേട്ടങ്ങളുടെ നീണ്ട നിര തന്നെയാണ് കസിയസിന്റെ പേരിലുള്ളതും. ദേശീയ ടീമിനൊപ്പം 2010 ലോകകപ്പും 2008, 2012 യൂറോ കപ്പും നേടിയ താരം റയലിനൊപ്പം മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. U20 ലോകകപ്പും U16 യൂറോപ്യന്‍ കപ്പും താരം സ്പെയ്നിനായി നേടിയിരുന്നു.

ഇതിന് പുറമെ രണ്ട് തവണ മികച്ച ഗോള്‍ കീപ്പര്‍ ഓഫ് ദി സീസണ്‍ (റയലിനൊപ്പം 2007-08, പോര്‍ട്ടോക്കൊപ്പം 2018-19), അഞ്ച് തവണ സ്പാനിഷ് സൂപ്പര്‍ കപ്പ്, ക്ലബ്ബ് വേള്‍ഡ് കപ്പ്, രണ്ട് തവണ വീതം യുവേഫ സൂപ്പര്‍ കപ്പും സ്പാനിഷ് കപ്പും, നാല് സ്പാനിഷ് സൂപ്പര്‍ കപ്പ്, ഒരു തവണ ഇന്റര്‍നാഷണല്‍ കപ്പ്, എന്നിവ സ്വന്തമാക്കിയ കസിയസ് പോര്‍ട്ടോക്കൊപ്പം രണ്ട് പോര്‍ച്ചുഗീസ് സൂപ്പര്‍ കപ്പും ഒരു തവണ പോര്‍ച്ചുഗീസ് കപ്പും സ്വന്തമാക്കി.

Content Highlight: Gianluigi Buffon says Ikar Casillas is the best goalkeeper

We use cookies to give you the best possible experience. Learn more