ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.
ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നാണ് ഇത്തരമൊരു കത്തയച്ചതെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും അത്തരത്തില്‍ കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണ് എന്നായിരുന്നു ഗുലാം നബി ആസാദ് പറഞ്ഞത്.
ഇത്തരത്തിലൊരു കത്ത് ബി.ജെ.പിക്ക് സഹായകരമായെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, ബി.ജെ.പിയുടെ നിര്‍ദേശത്തോടെയാണ് ഇത്തരമൊരു കത്ത് അയച്ചതെന്ന തോന്നല്‍ ആരിലെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പുറത്തുപോകുന്നതില്‍ മടിയില്ല’ എന്നായിരുന്നു ഗുലാം നബി ആസാദ് പറഞ്ഞത്.
കത്തയച്ച സമയത്തെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി രംഗത്തെത്തിയതോടെയായിരുന്നു ഗുലാം നബി ആസാദ് വൈകാരികമായി പ്രതികരിച്ചത്.
അമ്മയ്ക്ക് സുഖമില്ലാതായ അവസരത്തില്‍ തന്നെ നേതൃമാറ്റത്തെ സംബന്ധിച്ച കത്തുകള്‍ അയച്ചതെന്തിനാണെന്നായിരുന്നു രാഹുല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ ചോദിച്ചത്.
രാജസ്ഥാനിലും മധ്യപ്രദേശിലും പാര്‍ട്ടി പ്രതിസന്ധികള്‍ നേരിടുന്ന അവസരമായിരുന്നു. ആ അവസരത്തിലാണ് അമ്മയ്ക്ക് സുഖമില്ലാതായത്. അപ്പോള്‍ തന്നെ ഈ കത്ത് അയക്കേണ്ട കാര്യമെന്തായിരുന്നുവെന്നാണ് അദ്ദേഹം ചോദിച്ചത്.
വിയോജിപ്പറിയിച്ച് കത്തയച്ചവര്‍ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടാകാമെന്നും രാഹുല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതായി സോണിയ ഗാന്ധിയുടെ തീരുമാനം പുറത്തായതിനു പിന്നാലെയായിരുന്നു രാഹുലിന്റെ ഈ പ്രതികരണം.
ഉന്നത നേതൃത്വത്തിനോട് തിരുത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 23 പേര്‍ രംഗത്തു വന്നത് കോണ്‍ഗ്രസിനു കനത്ത പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
ഈ 23 നേതാക്കളും മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടത് കോണ്‍ഗ്രസില്‍ ഒരു നേതൃമാറ്റം എത്രയും പെട്ടെന്ന് വേണമെന്നാണ്.
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനത്തു നിന്ന് മാറി നിന്നത്. പിന്നീട് ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സോണിയ ഗാന്ധി എത്തിയെങ്കിലും പൂര്‍ണസമയ നേതൃത്വം ഇല്ലാത്തത് പാര്‍ട്ടിയിലെ ഒരുപക്ഷത്തിനിടയില്‍ അതൃപ്തിക്കിടയാക്കിയിരുന്നു.
നേതൃ മാറ്റം ആവശ്യപ്പെടുമ്പോഴും രാഹുല്‍ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരണമെന്നാണ് ഭൂരിഭാഗവും പറയുന്നത്. ഇക്കാര്യത്തില്‍ പല നേതാക്കളും രാഹുല്‍ തിരിച്ചുവരണമെന്ന അഭിപ്രായം തുറന്നു പറയുകയും ചെയ്തു. രാഹുലും പ്രിയങ്കയും തയ്യാറല്ലെങ്കില്‍ മാത്രമേ പുറത്തുനിന്നും ഒരാള്‍ വരേണ്ടതുള്ളൂവെന്നും അഭിപ്രായമുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight; Ghulam Nabi Azad: Will resign if found colluding with BJP