| Thursday, 1st September 2022, 3:07 pm

കോണ്‍ഗ്രസ് വിട്ടതിന് ശേഷം ഗുലാം നബി ആസാദ് മോദി ഭക്തനായി മാറി: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിന് ശേഷം ഒരു മോദി ഭക്തനായി മാറുന്ന കാഴ്ചയാണ് കണ്ടതെന്ന് വി.ഡി. സതീശന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

‘ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിന് ശേഷം ഒരു മോദി ഭക്തനായി മാറുന്ന കാഴ്ചയാണ് കണ്ടത്. അതാണ് എല്ലാവരെയും ഞെട്ടിച്ചത്. 40 വര്‍ഷക്കാലം കോണ്‍ഗ്രസിന്റെ ഭാഗമായി നിന്ന ഒരാള്‍ മോദി ഭക്തനായി മാറുന്നതിലൂടെ അദ്ദേഹത്തിന്റെ രാജിക്കത്തില്‍ ഒരു പ്രസക്തിയുമില്ലെന്നാണ് മനസിലാകുന്നത്,’ വി.ഡി. സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ കുടുംബാധിപത്യം ആണെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ ഗാന്ധി കുടുംബത്തില്‍ ആരും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് അവര്‍ തന്നെ വ്യകിതമാക്കി. അത് അഭിനന്ദിക്കുകയല്ലേ വേണ്ടതെന്നും സതീശന്‍ ചോദിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഏത് കോണ്‍ഗ്രസ് നേതാവിനും മത്സരിക്കാമെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. യോഗ്യതയുള്ള ആര്‍ക്കും മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ തെരഞ്ഞെടുപ്പ് രീതികളുണ്ട്, കോണ്‍ഗ്രസിനും അതിന്റേതായ രീതികളുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന് മുന്നോടിയായി തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത തര്‍ക്കവിഷയമായിരിക്കുകയാണ്. ആനന്ദ് ശര്‍മ, ശശി തരൂര്‍, മനീഷ് തിവാരി, പൃഥിരാജ് ചവാന്‍, കാര്‍ത്തി ചിദംബരം അടക്കമുള്ള നേതാക്കള്‍ വോട്ടര്‍ പട്ടിക പരസ്യമാക്കണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കണമെന്നുമുള്ള ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

ദേശീയ തലത്തില്‍ 9000ത്തോളം പ്രതിനിധികളുടെ വോട്ടര്‍പട്ടിക തയാറാക്കികഴിഞ്ഞെന്നാണ് എ.ഐ.സി.സിയുടെ വാദം. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത് വരികയായിരുന്നു. പട്ടിക തയാറാക്കിയ രീതിയെയും അത് പരസ്യമാക്കുന്നതില്‍ നേതൃത്വം കാണിക്കുന്ന വിമുഖതയെയുമാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് നടത്തിപ്പിനെ ആരും സംശയിക്കില്ലെന്നും പി.സി.സികളില്‍ ചെന്ന് വോട്ടര്‍പട്ടിക പരിശോധിക്കാമെന്നുമുള്ള എ.ഐ.സി.സിയുടെ നിലപാടിനോടും ഇക്കൂട്ടര്‍ വിയോജിപ്പ് രേഖപ്പെടുത്തി.

2000ലായിരുന്നു അവസാനമായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. സോണിയാ ഗാന്ധിയും ജിതേന്ദ്ര പ്രസാദയുമായിരുന്നു അന്ന് പരസ്പരം മത്സരിച്ചിരുന്നത്.

Content Highlight: Ghulam Nabi Azad turned Modi devotee after leaving Congress says V.D. Satheesan

We use cookies to give you the best possible experience. Learn more