| Thursday, 8th August 2019, 1:50 pm

ഗുലാം നബി ആസാദിനെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു: കശ്മീരിലെ സാഹചര്യം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന് തുല്യമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

ശ്രീനഗറില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ വേണ്ടിയായിരുന്നു ഗുലാം നബി ആസാദ് ശ്രീനഗര്‍ സിറ്റിയില്‍ എത്തിയത്. എന്നാല്‍ കനത്ത നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഗുലാം നബി ആസാദിനെ തിരിച്ചയക്കുമെന്നാണ് റിപ്പോര്‍ട്ട്.

‘ജമ്മുകശ്മീരിലെ ജനങ്ങള്‍ ദു:ഖിതരാണ്. അവരുടെ ദു:ഖത്തില്‍ പങ്കുചേരാനാണ് ഞാന്‍ അവിടേക്ക് പോകുന്നത്. 22 ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുന്ന ആദ്യത്തെ സംഭവമാണ് ഇത്. ഇതിന് മുന്‍പ് എവിടെയെങ്കിലും ഇത് കേട്ടിട്ടുണ്ടോ;- എന്നായിരുന്നു ഗുലാം നബി ആസാദ് ശ്രീനഗറിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്.

നേരത്തെ ബി.ജെ.പി നേതാവും സുരക്ഷാ ഉപദേഷ്ടാവുമായ അജിത് ഡോവല്‍ ക്ശ്മീര്‍ താഴ് വരിയില്‍ തദ്ദേശീയര്‍ക്കൊപ്പമിരുന്ന ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്തുവന്നതിനേയും ഗുലാം നബി ആസാദ് വിമര്‍ശിച്ചിരുന്നു. പണം കൊടുത്താല്‍ ആരെയാണ് ബി.ജെ.പിക്ക് വിലക്കെടുക്കാന്‍ കഴിയാത്തത് എന്നായിരുന്നു ഗുലാം നബി ആസാദിന്റെ വിമര്‍ശനം.

അതേസമയം കശ്മീരിലെ നിലവിലെ സാഹചര്യം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന് തുല്യമാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും രംഗത്തെത്തി.

വെടിയുണ്ടകളിലൂടെയല്ല, ആലിംഗനം ചെയ്തുകൊണ്ടാണ് ഞങ്ങള്‍ കശ്മീരികളെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പറഞ്ഞത്. എന്നാല്‍ ഇന്ന് കശ്മീരിലെ സ്ഥിതി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന് സമാനമാണ്- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കശ്മീരില്‍ 400 ഓളം നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയിരുന്നത്. ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെയാണ്.

We use cookies to give you the best possible experience. Learn more