| Wednesday, 25th September 2019, 7:45 pm

'കശ്മീരിലും കശ്മീരികളിലും കണ്ടത് നിരാശയും ദുരിതവും, ഇവിടെ ജനാധിപത്യമില്ല': ഗുലാം നബി ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീരിലെ സ്ഥിതി ദുരിതപൂര്‍ണ്ണവും നിരാശയുണ്ടാക്കുന്നതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്. കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കശ്മീരിലും കശ്മീരികളിലും നിലനില്‍ക്കുന്ന നിരാശയുടെയും ദുരിതത്തിന്റെയും അളവ്, ജമ്മുവിലെ സ്ഥിതിക്ക് സമാനമാണെന്നായിരുന്നു’ ഗുലാം നബി ആസാദിന്റെ പ്രതികരണം.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ഭരണകക്ഷിയിലെ നൂറോ ഇരുന്നൂറോ ആളുകള്‍ ഒഴികെ മറ്റാരും സന്തുഷ്ടരല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജമ്മുകശ്മീരില്‍ ജനാധിപത്യം ഇല്ലെന്നും ഗുലാം നബി ആസാദ് കൂട്ടി ചേര്‍ത്തു.

ആറ് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയതാണ് അദ്ദേഹം. കഴിഞ്ഞ മൂന്ന് തവണയും കശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഗുലം നബി ആസാദിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. സെപ്തംബര്‍ 16 ന് സുപ്രീംകോടതി അനുവദിച്ചതോടെയാണ് അദ്ദേഹത്തിന്റെ കാശ്മീര്‍ സന്ദര്‍ശനം സാധ്യമായത്.

ജമ്മു കശ്മീരില്‍ താന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചതിന്റെ പത്ത് ശതമാനം സ്ഥലങ്ങളില്‍ പോലും പോകാന്‍ ഭരണകൂടം അനുമതി നല്‍കിയില്ലെന്നും നേരത്തെ അദ്ദേഹം പ്രതികരിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയതിനെ കുറിച്ചും രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ജമ്മു കശ്മീരില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സൂചന പോലുമില്ലെന്നായിരുന്നു ആസാദിന്റെ മറുപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more