| Monday, 29th August 2022, 12:42 pm

രാഹുല്‍ ഗാന്ധി നല്ല വ്യക്തിയാണ്, പക്ഷേ രാഷ്ട്രീയം അദ്ദേഹത്തിന് പറ്റില്ല: ഗുലാം നബി ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്ല വ്യക്തിയാണെന്നും പക്ഷേ രാഷ്ട്രീയം അദ്ദേഹത്തിന് പറ്റില്ലെന്നും കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടിയുടെ ഉന്നതതീരുമാനമെടുക്കുന്ന സമിതിയായ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി നിലവില്‍ അര്‍ത്ഥശൂന്യമാണെന്നും ആസാദ് പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്.

ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ഒരു പരിധി വരെ കൂടിയാലോചനാ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണെങ്കിലും രാഹുല്‍ ഗാന്ധി അങ്ങനെയല്ലെന്നും ഗുലാം നബി ആസാദ് പഞ്ഞു.

‘നിലവിലെ സി.ഡബ്ല്യു.സി അര്‍ത്ഥശൂന്യമാണ്. സി.ഡബ്ല്യു.സി പേരിന് മാത്രമുള്ളതാണെന്ന് വേണമെങ്കില്‍ പറയാം. 1998നും 2004നും ഇടയില്‍ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി പൂര്‍ണമായും കൂടിയാലോചന നടത്തിയിരുന്നു.

സോണിയ ഗാന്ധി അവരെ ആശ്രയിച്ചു, ശുപാര്‍ശകള്‍ സ്വീകരിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി വന്നതിന് ശേഷം 2004 മുതല്‍ സോണിയ ഗാന്ധി രാഹുല്‍ ഗാന്ധിയെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി. അതിനുള്ള യോഗ്യത അദ്ദേഹത്തിനില്ല. അദ്ദേഹം നല്ല വ്യക്തിയാണെങ്കിലും, രാഷ്ട്രീയം അദ്ദേഹത്തിന് പറ്റില്ല,’ ആസാദ് പറഞ്ഞു.

2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് രാഹുല്‍ നടത്തിയ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ മുദ്രാവാക്യം പാര്‍ട്ടിക്ക് ദോഷകരമായി ബാധിച്ചെന്നും ആസാദ് പറഞ്ഞു.


അതേസമയം, തന്റെ രാജിക്കത്തിലും രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഗുലാം നബി ആസാദ് നടത്തിയിരുന്നത്. അഞ്ച് പേജുള്ള രാജിക്കത്താണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയത്.

‘2013ല്‍ നിങ്ങള്‍ (സോണിയ ഗാന്ധി) രാഹുല്‍ ഗാന്ധിയെ വൈസ് പ്രസിഡന്റായി നിയമിച്ചപ്പോള്‍ അതുവരെ നിലനിന്നിരുന്ന എല്ലാ കണ്‍സള്‍ട്ടേറ്റീവ് മെക്കാനിസങ്ങളും രാഹുല്‍ ഗാന്ധി ഇല്ലാതാക്കി. മുന്‍ പരിചയമുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ തഴയപ്പെട്ടു. പുതു തലമുറക്കാരും രാഷ്ട്രീയത്തെ കുറിച്ച് ധാരണയില്ലാത്തവരും പാര്‍ട്ടി വിഷയങ്ങളും പൊതു വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ തുടങ്ങി.

ഇത്തരം പക്വതയില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ് മാധ്യമങ്ങളുള്‍പ്പെടെ ഒരു വലിയ ജനക്കൂട്ടം നോക്കിനില്‍ക്കെ രാഹുല്‍ ഗാന്ധി ഒരു സര്‍ക്കാര്‍ ഉത്തരവ് കീറിക്കളഞ്ഞത്. ആ പ്രവര്‍ത്തി പക്വതയില്ലായ്മ തന്നെയായിരുന്നു,’ അസാദ് രാജിക്കത്തില്‍ പറഞ്ഞിരുന്നു.

CONTENT HIGHLIGHTS: Ghulam Nabi Azad, said that Congress leader Rahul Gandhi is a good person but he cannot do politics

We use cookies to give you the best possible experience. Learn more