ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്ല വ്യക്തിയാണെന്നും പക്ഷേ രാഷ്ട്രീയം അദ്ദേഹത്തിന് പറ്റില്ലെന്നും കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടിയുടെ ഉന്നതതീരുമാനമെടുക്കുന്ന സമിതിയായ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി നിലവില്‍ അര്‍ത്ഥശൂന്യമാണെന്നും ആസാദ് പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്.
ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ഒരു പരിധി വരെ കൂടിയാലോചനാ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണെങ്കിലും രാഹുല്‍ ഗാന്ധി അങ്ങനെയല്ലെന്നും ഗുലാം നബി ആസാദ് പഞ്ഞു.
‘നിലവിലെ സി.ഡബ്ല്യു.സി അര്‍ത്ഥശൂന്യമാണ്. സി.ഡബ്ല്യു.സി പേരിന് മാത്രമുള്ളതാണെന്ന് വേണമെങ്കില്‍ പറയാം. 1998നും 2004നും ഇടയില്‍ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി പൂര്‍ണമായും കൂടിയാലോചന നടത്തിയിരുന്നു.
സോണിയ ഗാന്ധി അവരെ ആശ്രയിച്ചു, ശുപാര്‍ശകള്‍ സ്വീകരിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി വന്നതിന് ശേഷം 2004 മുതല്‍ സോണിയ ഗാന്ധി രാഹുല്‍ ഗാന്ധിയെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി. അതിനുള്ള യോഗ്യത അദ്ദേഹത്തിനില്ല. അദ്ദേഹം നല്ല വ്യക്തിയാണെങ്കിലും, രാഷ്ട്രീയം അദ്ദേഹത്തിന് പറ്റില്ല,’ ആസാദ് പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് രാഹുല്‍ നടത്തിയ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ മുദ്രാവാക്യം പാര്‍ട്ടിക്ക് ദോഷകരമായി ബാധിച്ചെന്നും ആസാദ് പറഞ്ഞു.