|

'മോദി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയാണ്, അതെന്നെ സ്വാധീനിച്ചു'; ബി.ജെ.പിയിലേക്ക് കൂടുമാറ്റം നടത്തി ഗുലാം നബി ആസാദിന്റെ അനന്തരവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവന്‍ മുബാഷിര്‍ ആസാദ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന താഴെക്കിടയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ സ്വാധീനിച്ചുവെന്ന് പറഞ്ഞാണ് മുബാഷിര്‍ കൂടുമാറ്റം നടത്തിയത്.

ഗുലാം നബി ആസാദിനോട് കോണ്‍ഗ്രസില്‍ നിന്ന് കാണിക്കുന്ന അവഗണനയും തന്നെ ബി.ജെ.പിയില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന് മുബാഷിര്‍ പറഞ്ഞു.

ബി.ജെ.പിയില്‍ ചേരുന്നതുമായി സംബന്ധിച്ച് ഗുലാം നബി ആസാദുമായി താന്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസ് ചേരിപ്പോരില്‍ തകര്‍ന്നിരിക്കുകയാണ്. മോദിയുടെ നേതൃത്വത്തില്‍ ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസിലെ കരിസ്മാറ്റിക് നേതാക്കളില്‍ ഒരാള്‍ ഗുലാം നബി ആസാദിനോട് പെരുമാറിയ രീതി സാധാരണ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുന്നു,’ മുബാഷിര്‍ ആരോപിച്ചു.

മുബാഷിര്‍ ആസാദിനെയും അനുയായികളെയും ജമ്മു കശ്മീര്‍ ബി.ജെ.പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന, മുന്‍ എം.എല്‍.എ ദലീപ് സിംഗ് പരിഹാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നാണ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. മുബാഷിറിന്റെ കൂടുമാറ്റം ചെനാബ് വാലി മേഖലയിലെ ദോഡ, കിഷ്ത്വാര്‍, റംബാന്‍ ജില്ലകളില്‍ നിന്നുള്ള കൂടുതല്‍ യുവ പ്രവര്‍ത്തകരെ ബി.ജെ.പിയിലേക്കെത്തിക്കുമെന്ന് വീന്ദര്‍ റെയ്ന പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള ഹിന്ദു, മുസ്‌ലിം, ഗുജ്ജര്‍, ബക്കര്‍വാളുകള്‍, പഹാരികള്‍ എന്നിങ്ങനെ എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ ചേരുന്നതോടെ ബി.ജെ.പി അതിവേഗം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

2009ല്‍ ഗുലാം നബി ആസാദിന്റെ സഹോദരന്‍ ഗുലാം അലിയും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.


Content Highlights: Ghulam Nabi Azad’s nephew who defected to BJP

Latest Stories