| Friday, 26th August 2022, 11:47 am

അരനൂറ്റാണ്ടിന്റെ പ്രവര്‍ത്തനത്തിന് വിരാമം; ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്നു. കോണ്‍ഗ്രസിന്റെ നടപടികളെ ആരോഗ്യപരമായി വിമര്‍ശിച്ചിരുന്ന നേതാവ് കൂടിയായിരുന്നു ഗുലാം നബി ആസാദ്. ഇദ്ദേഹത്തിന്റെ രാജി കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകും. ജി 23 ഗ്രൂപ്പിന്റെ നേതാവ് കൂടിയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടോളം കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

കോണ്‍ഗ്രസിന്റെ എല്ലാ ചുമതലകളില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചതായും അദ്ദേഹം അറിയിച്ചു. അടുത്തിടെ ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചരണ സമിതി പുനസംഘടിപ്പിച്ചിരുന്നു. മറ്റ് ചുമതലകളില്‍ നിന്ന് ഗുലാം നബി ആസാദിനെ നീക്കുകയും പിന്നീട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി മാത്രമായി നിയോഗിക്കുകയുമായിരുന്നു.

ഇതില്‍ അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ടായതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഒഴിയുകയാണെന്നും അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു.

ദീര്‍ഘമായ രാജിക്കത്ത് എഴുതിയാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. പാര്‍ട്ടിയില്‍ നിന്നും ഏറെക്കാലമായി തനിക്ക് വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം രാജിക്കത്തില്‍ പരാമര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്.

ഏറെക്കാലമായി കോണ്‍ഗ്രസിന്റെ ഉന്നത പദവികള്‍ വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഗുലാം നബി ആസാദ്. കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയിരുന്ന നേതാവ് കൂടിയാണ് അദ്ദേഹം. കഴിഞ്ഞ കുറച്ചുകാലങ്ങളായി പാര്‍ട്ടിയില്‍ ആസാദ് അസ്വസ്ഥനായിരുന്നു. രാജ്യസഭാ സീറ്റ് നല്‍കാത്തതില്‍ അദ്ദേഹം പലയാവര്‍ത്തി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സ്വന്തമായി പാര്‍ട്ടി ആരംഭിക്കുമെന്നും ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ലഭിച്ചിരുന്നില്ല.

അശോക് ഗെലോട്ടിനെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേയും ആസാദ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഞായറാഴ്ച കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയോഗം ചേരാനിരിക്കെയാണ് ഇത്തരത്തില്‍ രാജി പ്രഖ്യാപനം.

രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ആസാദ് ഉന്നയിക്കുന്നുണ്ട്. സോണിയ ഗാന്ധി മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ട പിന്തുണയും പരിഗണനയും നല്‍കിയിരുന്നുവെന്നും ഇത് മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കാന്‍ സഹായിച്ചിരുന്നുവെന്നും ആസാദ് പറയുന്നു.

എന്നാല്‍ രാഹുല്‍ ഗാന്ധി വന്ന ശേഷം അതിലെല്ലാം മാറ്റം വന്നെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

Content Highlight: Ghulam nabi azad resigned from congress

We use cookies to give you the best possible experience. Learn more